വന്ധ്യവയോധികനായിട്ടും പതിനെട്ടുകാരികളോടൊപ്പം പ്രണയലീലകള്‍ നടത്തി ജീവിച്ചുപോകുന്ന നമ്മുടെ നായകന്‍ മാരെ ആരെങ്കിലും പഴിപറയുമ്പോള്‍ അവരുടെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് പലപ്പോഴും രജനീകാന്തിനെയാണ്. മക്കളും കൊച്ചുമക്കളുമായിട്ടും രജനീകാന്ത് പ്രണയിക്കല്‍ നിര്‍ത്തിയല്ലല്ലോ എന്ന് ചോദിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരത്തിലുള്ള അഭിനയം തനിക്കിപ്പോള്‍ പിടിക്കുന്നില്ലെന്നാണ് സ്റ്റെല്‍ മന്നന്‍ പറയുന്നത്. പ്രായത്തിന് നിരക്കാത്ത വേഷം ചെയ്യേണ്ടവരുമ്പോള്‍ തനിക്കിപ്പോള്‍ ജാള്യത തോന്നാറുണ്ടെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രജനി തുറന്നുപറഞ്ഞിരിക്കുകയാണ്.

പ്രായത്തില്‍ കാര്യമില്ലെന്ന് പറയരുത്. ആ യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുകതന്നെ വേണം. രജനി പറയുന്നു.

ആക്ഷന്‍ രംഗങ്ങളിലും നൃത്തരംഗങ്ങളിലും അഭിനയിക്കുമ്പോള്‍ പ്രായം പലപ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്- രജനീകാന്ത് തുറന്നു സമ്മതിക്കുന്നു.

സിനിമയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ മേക്കപ്പ് ഉപയോഗിക്കാറുണ്ട്. ആ സാഹചര്യത്തിന് മേക്കപ്പ് അത്യാവശ്യമാണ്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ എനിക്ക് മേക്കപ്പ് എന്ന മറ ആവശ്യമില്ല. പൊതുവേദിയില്‍ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുന്ന സ്റ്റെല്‍ മന്നന്‍ കൂട്ടിച്ചേര്‍ത്തു.

എന്തായാലും രജനീകാന്തിന്റെ പ്രഖ്യാപനം പലര്‍ക്കും ഒരു പുനര്‍ചിന്തയ്ക്ക് വഴിയൊരുക്കുമെന്നാണ് സിനിമാലോകം പറയുന്നത്.