എഡിറ്റര്‍
എഡിറ്റര്‍
രജനിയുടെ കൊച്ചടിയാന്‍ ദീപാവലിക്കെത്തില്ല, കാരണം അജയ് ദേവഗണ്‍
എഡിറ്റര്‍
Monday 25th June 2012 2:27pm

ദീപാവലിക്ക് തീപ്പറപ്പിക്കാന്‍ രജനിയുടെ കൊച്ചടിയാന്‍ ഉണ്ടാവില്ല. കൊച്ചടിയാനുമായി ദീപാവലിക്കെത്തുമെന്നായിരുന്നു രജനിയുടെ വാഗ്ദാനം. പക്ഷേ ആരാധകര്‍ ഇതിനായി അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യനില വീണ്ടെടുത്തതിന് ശേഷം പുറത്തിറങ്ങുന്ന രജനിയുടെ ആദ്യ സിനമയാണ് കൊച്ചടിയാന്‍. ഇതിനായി തമിഴ്‌നാട്ടിലേയും ആന്ധ്രാപ്രദേശിലേയും ആരാധകരും തിയേറ്റര്‍ ഉടമകളും കാത്തിരിക്കുകയാണ്.

സിനിമയുടെ ഗാനചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് തന്റെ ആരാധകര്‍ക്കുള്ള ദീപാവലി സമ്മാനമാണ് കൊച്ചടിയാന്‍ എന്നാണ് സ്റ്റൈല്‍ മന്നന്‍ പറഞ്ഞിരുന്നത്.

സാധാരണഗതിയില്‍ തന്റെ ആരാധകര്‍ക്ക് വാക്കുനല്‍കിയാല്‍ അതുപാലിക്കുന്നയാളാണ് രജനി. എന്നിട്ടും റിലീസിംഗ് മാറ്റി വെക്കാനുള്ള കാരണമെന്തായിരിക്കുമെന്നുള്ള അന്വേഷണത്തിലാണ് കോളീവുഡ്.

ഈ അന്വേഷണം ചെന്നവസാനിച്ചിരിക്കുന്നതാകട്ടെ ബോളീവുഡ് സൂപ്പര്‍താരം അജയ് ദേവഗണിലും. ഹിന്ദി മൊഴിമാറ്റത്തിലെത്തുന്ന കൊച്ചടിയാന്‍ ദീപാവലിക്കിറങ്ങുന്ന അജയ്‌യുടെ സണ്‍ ഓഫ് സര്‍ദാറിന്റെ കൂടെ ഓടിയാല്‍ എത്തില്ലായെന്ന കണക്കുകൂട്ടലാണത്രെ രജനിയെ റിലീസിംഗ്  മാറ്റി വെക്കാന്‍ പ്രേരിപ്പിച്ചത്.

രജനിയുടെ പടം ഇറങ്ങിയാല്‍ മറ്റു പടങ്ങള്‍ക്കൊന്നും മാര്‍ക്കറ്റ് ഉണ്ടാവില്ലെന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. രജനിപ്പടങ്ങളുടെ കൂടെ തന്റെ സിനിമയിറക്കാന്‍ സാക്ഷാല്‍ കമല്‍ ഹാസന്‍ പോലും ധൈര്യപ്പെടാറില്ല. മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന കമലിന്റെ വിശ്വരൂപത്തിന്റെ റിലീസ് വരെ മാറ്റിവെച്ചതായാണ് അറിയുന്നത്. അപ്പോഴാണ് അജയ്‌യെ പേടിച്ച് രജനി തന്റെ സിനിമയുടെ റിലീസിംഗ് വൈകിപ്പിക്കുന്നത് !

സിനിമയില്‍ അജയ്‌യുടെ നായികയായി എത്തുന്ന സോനാക്ഷി സിന്‍ഹക്ക് റൗഡി റാത്തോറിന് ശേഷം കൊച്ചടിയാനിലെ നായിക ദീപിക പദുകോണിനേക്കാളും മാര്‍ക്കറ്റുണ്ട് എന്നതും  റിലീസിംഗ് വൈകിക്കാനുള്ള കാരണമായും പറയപ്പെടുന്നുണ്ട്.

കാരണമെന്തു തന്നെയായാലും രജനിപ്പടത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം.

Advertisement