തൊടുപുഴ: ഇടുക്കി രാജാക്കാട് ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിനു കാരണം റോഡിന്റെ അശാസ്ത്രീയതയല്ലെന്നും ഡ്രൈവറുടെ അശ്രദ്ധയാണെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും റിപ്പോര്‍ട്ട്.

Ads By Google

അപകടത്തില്‍പ്പെട്ട വാഹനത്തിന് തകരാറില്ലായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. രാജാക്കാട്ട് നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍കാനത്തെ കൊടുംവളവിലാണ് ബസ് അപകടത്തില്‍ പെട്ടത്.

സ്ഥലത്തെക്കുറിച്ചു പരിചയമില്ലാത്ത ഡ്രൈവര്‍ രാജാക്കാട് – ആനച്ചാല്‍ റൂട്ടിലുള്ള കാഞ്ഞിരവളവിന് (എസ് വളവ്) തൊട്ടടുത്ത് എത്തിയപ്പോഴാണ് ഹെയര്‍പിന്‍ വളവ് കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എസ് ആകൃതിയിലുള്ള വളവില്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച ബസ് രാജാക്കാട് തേക്കിന്‍കാനത്ത് അപകടത്തില്‍പ്പെട്ടത്. ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് ദുരന്തത്തില്‍ മരിച്ചത്.