ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ രാജയെ അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടെതാണ് ഉത്തരവ്. സിദ്ധാര്‍ഥ് ബഹുറ, ആര്‍.കെ ചന്ദോലിയ എന്നിവരെയും സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ രാജ ഡി.എം.കെ ഭാരവാഹിത്വം രാജിവെച്ചിരുന്നു. ഡി.എം.കെ പ്രചരണ വിഭാഗം സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ടാണ് പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.

അതേസമയം രാജയുടെ രാജി സ്വീകരിക്കില്ലെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കി. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം രാജ കുറ്റക്കാരനാകില്ല. ചെന്നൈയില്‍ ചേരുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെതാണ് പ്രമേയം.