ന്യുദല്‍ഹി: 2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് 122 മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലൈസന്‍സുകള്‍ റദ്ദാക്കിയ ഉത്തരവ് സുപ്രീം കോടതി പുനഃപരിശോധിക്കണമെന്ന് മുന്‍ ടെലികോംമന്ത്രി എ.രാജ. താന്‍ മന്ത്രിയായിരിക്കെയാണ് ലൈസന്‍സുകള്‍ നല്‍കിയതെന്നതിനാല്‍ തന്റെ വാദം കേള്‍ക്കാതെ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് രാജ ഹര്‍ജി നല്‍കിയത്.

ലൈസന്‍സ് റദ്ദാക്കി പുതിയ ലേലത്തിന് നിര്‍ദ്ദേശം നല്‍കി ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി നടത്തിയ ഉത്തരവ് ഇന്ത്യന്‍ ടെലികോം മേഖലയെ ദോഷമായി ബാധിച്ചിട്ടുണ്ടെന്നും രാജ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ അറസ്റ്റിലായ തനിക്ക് സ്വഭാവികനീതി നിഷേധിച്ചുവെന്നും കോടതിയില്‍ കേസ് അവതരിപ്പിക്കുന്നതില്‍ തന്നെ അനുവദിച്ചില്ലെന്നും രാജ ചൂണ്ടിക്കാട്ടി. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട് ക്രമക്കേടില്‍ അറസ്റ്റിലായ രാജ ഒരു വര്‍ഷമായി തിഹാര്‍ ജയിലിലാണ്.

എ. രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ചിരുന്ന 122 2ജി സ്‌പെക്ട്രം ലൈസന്‍സുകളാണ് സുപ്രിംകോടതി റദ്ദാക്കിയിരുന്നത്. 2008 ജനുവരി 10 ശേഷം 11 കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദ് ചെയ്തിരുന്നത്.  122 സ്‌പെക്ട്രം ലൈസന്‍സുകളില്‍ 85 എണ്ണവും  യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് വിലയിരുത്തിയ കോടതി ലൈസന്‍സുകള്‍ അനുവദിച്ചത് ഏകപക്ഷീയമായാണെന്ന് വിലയിരുത്തി.

2 ജി സ്‌പെക്ട്രം കേസില്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. യൂനിനോര്‍, ലൂപ് ടെലികോം, സിസ്‌റ്റെമ ശ്യാം, ഇത്തിസലാത് ഡി ബി, എസ്‌ടെല്‍, വീഡിയോകോണ്‍, ടാറ്റ, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദ് ചെയ്തത്.

സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച ശേഷം ഓഹരി വിദേശ ടെലികോം കമ്പനികള്‍ക്ക് വിറ്റ സ്വാന്‍ ടെലികോം,ടാറ്റ, യൂനിടെക് വയര്‍ലെസ് കമ്പനികള്‍ക്ക്  അഞ്ച് കോടിയും ലൂപ്, എസ് ടെല്‍, അലൈന്‍സ്, സിസ്‌റ്റെമ ശ്യാം എന്നീ കമ്പനികള്‍ക്ക് 50 ലക്ഷം രൂപയും കോടതി പിഴ ചുമത്തുകയും ചെയ്തിരുന്നു. എ കെ ഗാംഗുലി ജി എസ് സിംഗ്‌വി എന്നിവര്‍ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരുന്നത്.

എ രാജയുടെ കാലത്ത് 3ജി ലൈസന്‍സുകള്‍ അനുവദിച്ചപ്പോള്‍ സര്‍ക്കാരിന് 63,000 കോടി രൂപ നേടാന്‍ കഴിഞ്ഞപ്പോള്‍, 122 2ജി ലൈസന്‍സുകളിന്‍ മേല്‍ സര്‍ക്കാരിന് ലഭിച്ചത് 9,000കോടി രൂപ മാത്രമാണ്.

Malayalam news

Kerala news in English