എഡിറ്റര്‍
എഡിറ്റര്‍
രാജ് താക്കറെയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ജെ.ഡി.യു
എഡിറ്റര്‍
Monday 3rd September 2012 7:48am

ന്യൂദല്‍ഹി: ബീഹാറികള്‍ക്കും ഹിന്ദി ചാനലുകള്‍ക്കും എതിരായ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ പ്രസ്താവനകള്‍ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ എല്ലാ ഹിന്ദി ചാനലുകളും പൂട്ടിക്കും, ബീഹാറികളെ നുഴഞ്ഞുകയറ്റക്കാരായി കാണണം എന്നീ പ്രസ്താവനകളാണ് വിവാദമായത്.

Ads By Google

രാജ് താക്കറെ പബ്ലിസിറ്റി മോഹിച്ചാണ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറയുന്നത്. ഇതുപോലൊരു വ്യക്തിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മഹാരാഷ്ട്ര സര്‍ക്കാരിന് എങ്ങനെയാണ് തീവ്രവാദത്തോട് പൊരുതാനാകുകയെന്നും അദ്ദേഹം ചോദിച്ചു. ഇതെല്ലാം ചെയ്യുന്നതിന് രാജ് താക്കറെയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയെ 20 വര്‍ഷത്തേക്ക് നിരോധിക്കണമെന്നും രാജ് താക്കറെയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ബീഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യു ആവശ്യപ്പെട്ടു.

‘ ഹിന്ദി ചാനലിലെ ജീവനക്കാര്‍ കാര്യമറിയാതെ ഓരോ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചാനലുകള്‍ തുടരരുത്. അല്ലാത്തപക്ഷം ഈ കളി അവസാനിപ്പിക്കുന്നതിന് വേണ്ടത് ചെയ്യും’ എന്നായിരുന്നു താക്കറെയുടെ പ്രസ്താവന.

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ ബീഹാറികളെ നുഴഞ്ഞുകയറ്റക്കാരായി കാണണമെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടിരുന്നു. മുംബൈ പോലീസുകാര്‍ക്കെതിരെയുള്ള നിയമ നടപടികളുമായി ബീഹാര്‍ അധികൃതര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ ബീഹാറുകാരെ പുറത്താക്കുമെന്നാണ് കഴിഞ്ഞദിവസം രാജ് താക്കറെ ഭീഷണി മുഴക്കിയത്. മഹാരാഷ്ട്ര പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ബീഹാര്‍ സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

താക്കറെ കുടുംബം ബീഹാറില്‍ നിന്ന് വന്നവരാണെന്ന ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. മനസ്സില്‍ തോന്നുന്നത് പറയുന്നയാളാണ് ദിഗ്‌വിജയ് സിങ്. പൊതു കക്കൂസില്‍ നിന്നാണ് ദിഗ്‌വിജയ് സിങ്ങിന്റെ കുടുംബം വന്നതെന്ന്‌ പറഞ്ഞാല്‍ ആളുകള്‍ എങ്ങനെ കണക്കാക്കുമോ അതുപോലെയാണ് താക്കറെ കുടുംബത്തെ സംബന്ധിച്ച ദിഗ്‌വിജയിന്റെ പരാമര്‍ശമെന്നും രാജ് താക്കറെ പരിഹസിച്ചു.

അതേസമയം രാജ് താക്കറെയുടെ പ്രസംഗം പരിശോധിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രസംഗം രേഖപ്പെടുത്തി പരിശോധിക്കും. കുറ്റകരമായി വല്ലതും കണ്ടാല്‍ ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പരാമര്‍ശനത്തിനെതിരെ ബീഹാറിലെ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു അഭിഭാഷകനാണ് മുസാഫര്‍പൂര്‍ ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്.

Advertisement