ന്യുദല്‍ഹി: ഹിന്ദി ചാനലുകള്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദി ചാനലുകള്‍ പൂട്ടിക്കുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.

Ads By Google

മഹാരാഷ്ട്രയില്‍ ജീവിക്കുന്ന ബിഹാറികളെ ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നു വിശേഷിപ്പിച്ച താക്കറെയുടെ നടപടി വിവാദമായിരുന്നു. ബിഹാറികളെ അടിച്ചോടിക്കുമെന്ന താക്കറെയുടെ പ്രസ്താവനയെ തുടര്‍ന്ന് സര്‍ക്കാര്‍ കേസെടുത്തിരുന്നു. താക്കറെയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

താക്കറെയുടെ പ്രസ്താവന റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇത് പരിശോധിച്ച് ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ പറഞ്ഞു.

താക്കറെയുടെ പ്രസ്താവനയെ വിവിധ പാര്‍ട്ടി നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. താക്കറെയുടെ പ്രസ്താവന നിരുത്തരവാദപരമെന്നായിരുന്നു ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ പ്രതികരിച്ചത്. താക്കറെയുടെ കുടുംബം ബീഹാറില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയതാണെന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്  പ്രതികരിച്ചത്.

അതിനിടെ, വിവാദ പരാമര്‍ശം നടത്തിയ രാജ് താക്കറെയ്‌ക്കെതിരേ ബിഹാര്‍ കോടതിയില്‍ പരാതി  നല്‍കിയിട്ടുണ്ട്‌. മുസാഫര്‍പൂര്‍ ജില്ലയിലെ കോടതിയിലാണ് രാജ് താക്കറെയ്‌ക്കെതിരായ പരാതി ലഭിച്ചിരിക്കുന്നത്. ഒരു അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്.