എഡിറ്റര്‍
എഡിറ്റര്‍
കാലവര്‍ഷം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടം
എഡിറ്റര്‍
Monday 17th June 2013 1:03pm

rain-fall-in-north

ന്യൂദല്‍ഹി:  കേരളത്തില്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമായി. മഴയെ തുടര്‍ന്ന്  വ്യാപക നാശനഷ്ടങ്ങളാണ്  വിവിധ സംസ്ഥാനങ്ങളിലുണ്ടായത്.

മഴയിലും പ്രളയത്തിലും ഗുജറാത്തില്‍ 12പേരും ഉത്തരാഖണ്ഡില്‍ എട്ട് പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Ads By Google

ഇടിമിന്നലേറ്റും ഒഴുക്കില്‍ പെട്ടുമാണ് ഉത്തരാഖണ്ഡിലെ സൗരാഷ്ട്രയില്‍ എട്ട് പേര്‍ മരിച്ചത്. അഹമ്മദാബാദില്‍ ഓട്ടോറിക്ഷയില്‍ മരം വീണ് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ മഴയാണ് ഞായറാഴ്ച ലഭിച്ചത്.

പ്രേം നഗറിലെ ന്യു മിതി ബേരിയിലെ ബഹുനില കെട്ടിടം പുര്‍ണമായി തകര്‍ന്ന് പത്ത് വയസുകാരനുള്‍പ്പെടെ കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രുദ്രപയാഗ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ സംഘം ഓഫീസര്‍ മീര കെന്ദൂര പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി, ചമോലി ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ശക്തമായ മഴയില്‍ ഒലിച്ചുപോയി. മഴയെ തുടര്‍ന്ന്  ഗംഗ നദിയും പോഷക നദികളായ മന്ദാകിനി, അളകനന്ദ എന്നിവയും കവിഞ്ഞൊഴുകുകയാണ്. ഗംഗ നദിയുടെ അടുത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഉത്തരാഖണഡ് ദുരന്ത നിവാരണ മന്ത്രി യശ്പാല്‍ ആര്യ അറിയിച്ചു.

കാലാവസ്ഥ മോശമായതിനാല്‍ കേദാര്‍നാഥ്, ബദരിനാഥ്, ഛാര്‍ ധാം യാത്രകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.   കനത്ത മഴയിലും പ്രളയത്തിലും റോഡുകള്‍ തടസപ്പെട്ടതിനാല്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.  തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായ ഗംഗോത്രി ഹൈവേ അടച്ചിട്ടു.

വ്യവസായിക നഗരമായ മുംബൈയിലും വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരന്തം നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔഗ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisement