Categories

യുവിയുടെ നഷ്ടം, റെയ്‌നയുടെ നേട്ടം

സൂരജ് പി വി

ഫോമില്ലാതെ ഉഴറുന്ന യുവരാജ് സിംഗിന് വീണ്ടും തിരിച്ചടി. ബി സി സി ഐയുടെ പുതിയ ഗ്രേഡിംഗ് അനുസരിച്ച് എ ഗ്രേഡില്‍ നിന്നും ബി യിലക്കാണ് യുവരാജിനെ തട്ടിയിരിക്കുന്നത്. കളിയില്‍ ശ്രദ്ധിക്കാതെ നിശാക്ലബ്ബില്‍പോയി അടിപിടിയുണ്ടാക്കി നടന്നാല്‍ ഇങ്ങനെയിരിക്കും!

ഫോമില്ലാത്തതിനെ തുടര്‍ന്ന് ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് യുവരാജിനെ ഒഴിവാക്കിയിരുന്നു. ഇതിനിടയിലേക്കാണ് വെള്ളിടി പോലെ ബി സി സി ഐയുടെ പുതിയ ഗ്രേഡിംഗ് വന്നത്. ഏകദിന-ട്വന്റി 20 പരമ്പരകകളിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി-20യിലെ പരിതാപകരമായ പ്രകടനത്തെ തുടര്‍ന്ന് താരത്തെ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ലായിരുന്നു.

അതിനിടെ യുവരാജിന്റെ ഒഴിവിലേക്ക് ‘ചുളുവില്‍’ കടന്നുകൂടിയ സുരേഷ് റെയ്‌ന അവസരം മുതലാക്കി. സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച റെയ്‌നക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒടുവില്‍ സീനിയര്‍ താരങ്ങള്‍ മാത്രം വിരാജിക്കുന്ന എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. റെയ്‌ന മാത്രമാണ് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച താരം.

ഗ്രേഡിംഗിലൂടെ കളിക്കാര്‍ക്ക് നല്‍കുന്ന തുകയിലും ബി സി സി ഐ വര്‍ധന വരുത്തിയിട്ടുണ്ട്. എ ഗ്രേഡ് താരങ്ങള്‍ക്ക് ഇനി ഒരുകോടിയായിരിക്കും പ്രതിഫലം. ടീമില്‍ അംഗമല്ലെങ്കിലും ഇവര്‍ക്ക് തുക ലഭിക്കും. ബി ഗ്രേഡിലുള്ള താരങ്ങളുടെ തുക 50 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സി ഗ്രേഡിന്റെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിട്ടില്ല. ഗ്രേഡ് ഡി ഇനിയുണ്ടാവില്ല.

താരങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്ലേയിംഗ് ഇലവനിലെ താരങ്ങള്‍ക്ക് ഓരോ മല്‍സരത്തിനും ഏഴുലക്ഷം രൂപാവീതം ലഭിക്കും. ഏകദിനത്തിന് നാലു ലക്ഷവും ട്വന്റി-20ക്ക് രണ്ടുലക്ഷവുമാണ് പ്രതിഫലം.

സച്ചിന്‍, സെവാഗ്, ധോണി, ഗംഭീര്‍, ദ്രാവിഡ്, ലക്ഷ്മണ്‍, റെയ്‌ന,ഹര്‍ഭജന്‍, സഹീര്‍ എന്നിവരാണ് എ ഗ്രേഡിലുള്ളത്. നെഹ്‌റ, ഇഷാന്ത് ശര്‍മ, പ്രവീണ്‍ കുമാര്‍, കോഹ്‌ലി, മുരളി വിജയ്, പ്രഗ്യാന്‍ ഓജ എന്നിവര്‍ ബി ഗ്രേഡിലും ശ്രീശാന്ത്, അമിത് മിശ്ര, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, എ മിതുന്‍, വിനയ് കുമാര്‍ എന്നിവര്‍ ബി ഗ്രേഡിലും ഇടംനേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.