ചെസ്റ്റര്‍ ലീ സ്ട്രീറ്റ്: ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം മഴകാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യമായ 274 റണ്‍സ് ആതിഥേയര്‍ പിന്തുടരവേയാണ് മഴ കളിമുടക്കിയത്. 7.2 ഓവറില്‍ രണ്ട് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് പരുങ്ങുമ്പോഴാണ് മഴ രസം കൊല്ലിയായെത്തിയത്. തുടര്‍്ന്ന് ഒരു ബോളുപോലുമെറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഇംഗണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത പാര്‍ത്ഥിവ് പട്ടേലും(90) പുതുമുഖം അചിങ്ക്യാ രഹാനെയും(40) മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 82 റണ്‍സ് എടുത്തു. പിന്നീട് ക്ഷണത്തില്‍ രഹാനെയും ദ്രാവിഡിനെയും പറഞ്ഞയച്ച് ബ്രോഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.

എന്നാല്‍ പിന്നീടെത്തിയ കോഹ്‌ലി(55) പാര്‍ത്ഥിവിനൊപ്പം ചേര്‍ന്ന ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. റെയ്‌ന(38) ക്യാപ്റ്റന്‍ ധോണി(33) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനു വേണ്ടി ബ്രോഡും ബ്രെസ്‌നനും രണ്ടു വിക്കറ്റ് വീതമെടുത്തു.അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ചൊവ്വാഴ്ച സൗത്താംപ്ടണില്‍ നടക്കും.