കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലുമായി എട്ടുപേര്‍ മരിച്ചു.  നിര്‍ത്താതെപെയ്ത പെരുമഴ ഈ മേഖലകളില്‍ വന്‍നാശം വിതച്ചു. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു.

തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴുപേരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് വള്ളിത്തോട് ഒമ്പതുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു.

Ads By Google

ഇരിട്ടി മേഖലയില്‍ മാത്രം 40 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക കണക്ക്. പഴശ്ശി പാര്‍ക്കിനും തുരങ്കത്തിനും ക്ഷതമേറ്റത് ഡാം തകരുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലും കോടഞ്ചേരിക്കടുത്ത് മഞ്ഞുവയലിലുമാണ് തിങ്കളാഴ്ച രാത്രി പേമാരിയും ഉരുള്‍പൊട്ടലുമുണ്ടായത്. ഉരുള്‍പൊട്ടലില്‍ ഒരു കുട്ടി തിങ്കളാഴ്ചതന്നെ മരിച്ചു. അഞ്ചുപേരുടെ മൃതദേഹം ചൊവ്വാഴ്ച മണ്ണിനടിയില്‍ നിന്ന് കണ്ടെത്തി. ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല. ആശുപത്രിയിലെത്തിച്ച ഒരാളും ചൊവ്വാഴ്ച മരിച്ചു. രണ്ടുകുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.

ഉരുള്‍പൊട്ടി മലമറിഞ്ഞെത്തി നിരവധി പേരുടെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പൊട്ടന്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നടിയുന്നത് നാട്ടുകാര്‍ക്ക് നോക്കി നില്ക്കാനേ കഴിഞ്ഞുള്ളു. കനത്ത മൂടല്‍മഞ്ഞും മഴയും കുത്തൊഴുക്കും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. എങ്കിലും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിങ്കളാഴ്ച പാതിരാത്രിവരെ രക്ഷാപ്രവര്‍ത്തനം നടത്തി.

മരിച്ചവര്‍ക്കും പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്കും ഒരു ലക്ഷം രൂപ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ബദാനിയ ധ്യാനകേന്ദ്രം, വിമല യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. 115 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി ഡാം തകര്‍ച്ചാഭീഷണിയിലായി. അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി 17 മണിക്കൂറോളം വെള്ളം കവിഞ്ഞൊഴുകി. ഇതോടെ പരിസരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഈ മേഖലയില്‍ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇരിട്ടി ടൗണില്‍ വെള്ളം കയറി 200 കടകള്‍ക്ക് കേടുപാടുണ്ടായി.

കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്‌.  ആറളം ഫാം വനത്തിലും വാണിയപ്പാറ രണ്ടാം കടവിലും തിങ്കളാഴ്ചയും ഉരുള്‍പ്പൊട്ടലുണ്ടായി.