Categories

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ റെയില്‍വേ ഉദ്യോഗസ്ഥരും കുടുങ്ങും

കാസര്‍കോട്: മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ യാത്രക്കാര്‍ക്കെതിരെ മാത്രമല്ല റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവും.  യാത്രക്കാരെ മുതല്‍ ടി.ടി.ഇമാരെ വരെ പരിശോധിക്കാന്‍ റെയില്‍വേ സംരക്ഷണ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കാനുള്ള ആള്‍കോമീറ്റര്‍ എല്ലാ സ്‌റ്റേഷനുകളിലും അടുത്ത ദിവസങ്ങളില്‍ നല്‍കുമെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ മദ്യപിച്ചത് പരിശോധിക്കാന്‍ ആര്‍.പി.എഫിന് നിലവില്‍ത്തന്നെ വകുപ്പുണ്ടെങ്കിലും നടക്കാറില്ല. ബ്രത്ത് അനലൈസറാണ് ആര്‍.പി.എഫ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് ഒരാള്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനേ കഴിയൂ. കഴിച്ച മദ്യത്തിന്റെ അളവ് മനസിലാകില്ല.

100മില്ലിഗ്രാം രക്തത്തില്‍ 30മില്ലിഗ്രാം മദ്യം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരനെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.  കേരള മോട്ടോര്‍ വാഹന നിയമം 185 പ്രകാരം ശരീരത്തില്‍ കുറ്റകരമാകുന്ന മദ്യത്തിന്റെ അളവും ഇതുതന്നെ. അതുകൊണ്ട് തന്നെ മദ്യപിച്ചയാളുടെ ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് കണ്ടെത്തുകയെന്നത് പ്രധാനമാണ്. അതിനാലാണ് ആള്‍കോമീറ്റര്‍ ഉപയോഗിക്കുന്നത്.

മദ്യം ഒരാളുടെ സമനില തെറ്റിക്കാന്‍ തുടങ്ങുന്ന ഘട്ടമാണ് ഇതെന്ന് നിയമം പറയുന്നു. ഈയളവ് മദ്യം കണ്ടെത്തിയാല്‍ കുറ്റക്കാരനെ പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ആദ്യം ചെയ്യുക. ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാവൂ. ടി.ടി.ഇമാര്‍ യാത്രക്കാരുടെ കൂടെ ചേര്‍ന്ന് മദ്യപിച്ചാല്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം.

ആക്രമിച്ച് രക്ഷപ്പെടുന്നവരെ തിരിച്ചറിയാന്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കാനും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട്ടും മംഗലാപുരത്തും ഇതിന് നടപടി തുടങ്ങിയതായി സ്‌റ്റേഷന്‍ അധികൃതര്‍  പറഞ്ഞു. കോഴിക്കോട് ബാഗേജ് സ്‌കാനിങ് യന്ത്രം സ്ഥാപിക്കാനും നടപടി തുടങ്ങി. ആയുധങ്ങള്‍, കള്ളപ്പണം എന്നിവ കണ്ടെത്താനാണിത്.

മദ്യപിച്ച് ട്രെയിനില്‍ കയറുകയോ, ട്രെയിനില്‍ മദ്യപിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിലവില്‍ നിയമമുണ്ട്. ഇത് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ശിക്ഷലഭിക്കും. റെയില്‍വേ ആക്ട് 145 പ്രകാരമാണ് നടപടികള്‍.

സംശയാസ്പദമായ രീതിയില്‍ യാത്ര ചെയ്യുന്നവരെ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനുളള അവകാശവും ഇനി റെയില്‍വേക്കുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കുന്ന മാതൃകയില്‍ ഇനി ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ബ്രത്തലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്താനും നേരത്തെ റെയില്‍വേ നിര്‍ദേശം നല്‍കിയിരുന്നു.