തോപ്പുംപടി: നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിനരയാക്കിയ റെയില്‍വേ ടി.ടി.ഇ യെയും ഒപ്പം താമസിക്കുന്ന തമിഴ് യുവതിയെയും തോപ്പുംപടി പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന കടവന്ത്ര കീഴ്പ്പള്ളി ലെയിന്‍ വൃന്ദാവനത്തില്‍ കമല്‍രാജ് (44), പഴനി സ്വദേശിനി സ്വപ്ന എന്നു വിളിക്കുന്ന പൂക്കൊടി (35) എന്നിവരാണ് അറസ്റ്റിലായത്.

കുട്ടികളെ വശീകരിച്ച് വീട്ടിലെത്തിച്ച ശേഷം പീഡനത്തിരയാക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ വാടകയ്ക്കു താമസിക്കുകയാണ് ഇരുവരം. പരിസരത്തെ കോളനിയില്‍ താമസിക്കുന്ന പതിനാലു വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് പീഡനത്തിനിരയാക്കിയത്. ചോക്ലേറ്റും മറ്റും നല്‍കി അടുപ്പം സ്ഥാപിച്ച് നീലച്ചിത്രങ്ങള്‍ കാണിച്ചാണ് ഇവരെ പീഡിപ്പിക്കുന്നത്.

കേരള മഹിളാ സമഖ്യ സൊസൈറ്റി പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് സംഭവം പുറത്തായത്. ഇവരില്‍ പത്ത് ആണ്‍ക്കുട്ടികളും നാലു പെണ്‍ക്കുട്ടികളും പീഢിപ്പിക്കപ്പെട്ടതായി മൊഴി നല്‍കുകയായിരുന്നു. സമഖ്യ പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവര്‍ താമസിച്ച വീട്ടില്‍ നിന്ന് 3,96,000 രൂപയും 18 മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണവും ഫോണുകളും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരില്‍ നിന്നു തട്ടിയെടുത്തതാണെന്നു പൊലീസ് പറഞ്ഞു.

അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എം. ബിനോയ്, സിഐ കെ. സജീവ്, എസ്‌ഐ പി.കെ. സാബു, എഎസ്‌ഐ വേലപ്പന്‍, സിപിഒ മാരായ ജയകുമാര്‍, ഡി. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.