തിരുവനന്തപുരം: എ.ബി.വി.പി റാലിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തുന്നവര്‍ക്ക് ഔദ്യോഗിക അനൗണ്‍സ്‌മെന്റ് സംവിധാനം ഉപയോഗിച്ച് സ്വാഗതമാശംസിച്ച് റെയില്‍വേ. എ.ബി.വി.പിക്കാര്‍ക്ക് സ്വാഗതം പറയാനും ആവശ്യമായ നിര്‍ദേശം നല്‍കുവാനും റെയില്‍വേയുടെ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുകയായിരുന്നു.

റെയില്‍വേയിലെ ചില ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു ആവശ്യത്തിന് ഔദ്യോഗിക സംവിധാനം ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

റെയില്‍വേയില്‍ ഔദ്യോഗിക അറിയിപ്പുകള്‍ക്കു പുറമേ ഏജന്‍സി വഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന്‍ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അനുമതിയൊന്നും ഇല്ലാതെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് സ്വാഗതം പറയാന്‍ അനൗണ്‍സ്‌മെന്റ് സംവിധാനം ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.


Also Read: ചികിത്സാപ്പിഴവെന്നാരോപണം; കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു


സാധാരണ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ അതിന് തൊട്ടുമുമ്പുണ്ടാവാറുള്ള ഗാനശകലങ്ങളൊന്നും ഈ അറിയിപ്പിനൊപ്പം ഉണ്ടായിരുന്നില്ല. തീര്‍ത്തും റെയില്‍വേ അനൗണ്‍സ്‌മെന്റിന്റെ സ്വഭാവത്തില്‍ തന്നെയുള്ളതായിരുന്നു അറിയിപ്പ് എന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ അറിയിപ്പുകള്‍ നല്‍കാന്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം ദുരുപയോഗം ചെയ്തത്. ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ട്രയിന്‍ അറിയിപ്പുകള്‍ നല്‍കുന്ന രീതിയില്‍ ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലും എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് സ്വാഗതം അറിയിക്കുകയും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു.

ശനിയാഴ്ച നടക്കാനിരിക്കുന്ന എ.ബി.വി.പിയുടെ റാലിയില്‍ പങ്കെടുക്കാനായി ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് കൗണ്ടറുകള്‍ സംഘാടകര്‍ ഒരുക്കുകയും ചെയ്തിരുന്നു.