വഡോദര: ടിക്കറ്റെടുക്കാതിരുന്ന ട്രെയിന്‍ യാത്രക്കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാരോപിച്ച് റെയില്‍ ഉദ്യോഗസ്ഥനെ യാത്രക്കാര്‍ മര്‍ദിച്ച് അവശനാക്കി. ഗുരുതരമായി പരിക്കേറ്റ റെയില്‍വെ ഉദ്യോഗസ്ഥന്‍ ബി ബി ശര്‍മയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മുംബൈയില്‍ നിന്നും വഡോദരയിലേക്ക് പോവുകയായിരുന്ന വീരഗ്രാം ട്രെയിനിലാണ് സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളെ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിച്ച് പുറത്തേക്ക് തള്ളിയെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ ആശുപത്രിയില്‍ മരിച്ചു. ഇതില്‍ ക്ഷുഭിതരായാണ് യാത്രക്കാര്‍ ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചത്.

ട്രെയില്‍ മകരപൂര സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട ശര്‍മയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വടികളും കസേരകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് റെയില്‍വെയും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.