തിരുവനന്തപുരം: ട്രെയിനില്‍ നിന്നും വികലാംഗനെയും കുടുംബത്തെയും റെയില്‍വെ ഗാര്‍ഡ് ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരം പൊങ്ങുംമൂട് സ്വദേശിയായ രാജേഷിനെയും കുടുംബത്തെയുമാണ് സീസണ്‍ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും ഗാര്‍ഡ് ഇറക്കിവിട്ടത്. ബാംഗ്ലൂര്‍ കന്യാകുമാര്‍ ഐലന്റ് എക്‌സ്പ്രസിലാണ് സംഭവം.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു രാജേഷും കുടുംബവും. വികലാംഗര്‍ക്കനുവദിച്ച പ്രത്യേക കംമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ഇദ്ദേഹം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ റെയില്‍വേ ഗാര്‍ഡ് വന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വികലാംഗര്‍ക്കനുവദിച്ച സീസണ്‍ ടിക്കറ്റ് ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഭാര്യയുടേത് സാധാരണ ടിക്കറ്റ് മാത്രമായിരുന്നു.

യാതൊരുവിധ മാനുഷിക പരിഗണനയും കാട്ടാതെ ഗാര്‍ഡ് ഇറങ്ങിപ്പോകാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. പറവൂരെത്തിയശേഷം ഇറങ്ങിത്തരാമെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ ബലമായി പുറത്തേക്കിറക്കുകയായിരുന്നു. മൂന്ന് വയസുള്ള ഇരട്ട കുഞ്ഞുങ്ങളുമായി ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് രാജേഷിന് മാറി കയറേണ്ടി വന്നു.

കൊല്ലം ഇ.എസ്.ഐ ഹോസ്പിറ്റലില്‍ നഴ്‌സിംഗ് അസിസ്റ്റന്റാണ് രാജേഷ്. അപകടത്തെ തുടര്‍ന്ന് രാജേഷിന്റെ ഒരു കാല്‍ പൂര്‍ണമായും നഷ്ടപ്പെട്ടനിലയിലാണ്.

Malayalam news

Kerala news in English