Administrator
Administrator
റെയില്‍വേ കുടിവെള്ളം: തീരുമാനം അംഗീകരിക്കില്ല
Administrator
Tuesday 29th September 2009 7:20am

p-sreeramakrishnanതിരുവനന്തപുരം : രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കുത്തക കമ്പനികളുടെ കുടിവെള്ളം മാത്രമേ പാടുള്ളൂ എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍. റെയില്‍വേയില്‍ തദ്ദേശസ്ഥാപനങ്ങളുടെ മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ചെയ്യുന്ന അവസരമുണ്ടായിട്ടും ഇവിടെയും കുത്തകകളെ വാഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അമിത താല്‍പ്പര്യം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആസിയന്‍ കരാര്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ റിഹേഴ്‌സലാണിത്. വിദേശ കുത്തകക്കമ്പനികളുടെ ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ചായ, കാപ്പി മാത്രമേ ട്രെയിനുകളില്‍ പാടുള്ളൂ എന്ന നിബന്ധനയും കൊണ്ട് വരുന്നു. ക്രമേണ ഈ കുത്തക കമ്പനിക്കാര്‍ നിയമിക്കുന്നവര്‍ മാത്രമേ വില്‍പ്പന നടത്താവൂ എന്ന സ്ഥിതിയുംവരും. ഇത് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന ആയിരങ്ങള്‍ക്കും തിരിച്ചടി സൃഷ്ടിക്കും.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണവിലക്ക് കല്‍പ്പിച്ച് റെയില്‍വേമന്ത്രി മമതാബാനര്‍ജിയും സഹമന്ത്രി ഇ അഹമ്മദും സാമ്രാജ്യത്വ-കുത്തക ശക്തികളോടുള്ള തങ്ങളുടെ വിധേയത്വമാണ് പരസ്യമായി ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കുന്നത്. കുത്തകകള്‍ക്കെതിരെ എന്ന പേരില്‍ രാഷ്ട്രീയലക്ഷ്യംവച്ച് സിംഗൂരില്‍ സമരം നടത്തിയ മമതാബാനര്‍ജി മള്‍ട്ടിനാഷണല്‍ കുത്തകകളെ പൊതുമേഖലാ സ്ഥാപനത്തില്‍ വാഴിക്കുകയാണ്. ഹജ്ജ് ക്വോട്ട അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ വിദേശ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിനെതിരെ ആരോപണമുയര്‍ന്നതാണ്്. ഇപ്പോള്‍ റെയില്‍വേ സഹമന്ത്രിയായിരിക്കെ വിദേശ കുത്തകകള്‍ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്കുവേണ്ടി മാത്രമായി റിസര്‍വ് ചെയ്തുകൊണ്ടുള്ള പുതിയ തീരുമാനത്തിലും അസ്വാഭാവികതയുണ്ട്. മുസ്ലിം ലീഗ് നേതാവുകൂടിയായ ഇ അഹമ്മദിന്റെ സാമ്രാജ്യത്വ വിധേയത്വമുഖം ആണവകരാര്‍ ഘട്ടത്തിലും പ്രകടമായതാണ്. അധികാരത്തിനുവേണ്ടി അമേരിക്കയ്ക്ക് അനുകൂലമായി കൈകോര്‍ക്കാന്‍ ഒരു മടിയുമില്ലെന്ന് ഈ മുസ്ലിം ലീഗ് നേതാവ് അന്നുതന്നെ സ്വയം തെളിയിച്ചതാണ്. ട്രെയിനുകളിലും കുത്തകകളുടെ അധീശത്വം ഉറപ്പിക്കാന്‍ സഹായിക്കുന്ന പുതിയ തീരുമാനം ഈ വിധേയത്വത്തിന്റെ മറ്റൊരു വസ്തുതയാണ്. ഇതിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ മുഴുവന്‍ ഡി.വൈ.എഫ്.ഐ ഘടകങ്ങളോടും ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

Advertisement