എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേപാളത്തില്‍ സ്‌ഫോടക വസ്തു: സെന്തില്‍ പിടിയില്‍
എഡിറ്റര്‍
Saturday 25th August 2012 8:44am

പാലക്കാട്: റെയില്‍വേപാളത്തില്‍ ബോംബ് വെച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന സെന്തില്‍ കുമാര്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ ഷോര്‍ണ്ണൂരിനടുത്ത് വെച്ചാണ് സെന്തില്‍ പിടിയിലായത്. ഇയാളെ ഇന്ന് പതിനൊന്ന് മണിയോടെ തലയോലപ്പറമ്പില്‍ എത്തിക്കും. ഇയാള്‍ കുറ്റം സമ്മതിച്ചു.

Ads By Google

ബോംബ് വെക്കാന്‍ സന്തോഷ് എന്നയാളും തന്നെ സഹായിച്ചതായി സെന്തില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രി 12.30 ഓടെ ബൈക്കിലെത്തിയാണ് ബോംബ് വെച്ചത്. ഇതിനായി പിറവത്ത് നിന്ന് സ്റ്റീല്‍ പാത്രം വാങ്ങിയെന്നും സെന്തില്‍ മൊഴി നല്‍കി. സന്തോഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

സെന്തിലിനെ വെളിയനാട്ടെ വീട്ടിലും വെള്ളൂരിലെ റെയില്‍വേ ട്രാക്കിലും തെളിവെടുപ്പിനായി കൊണ്ട് പോയി.

സെന്തില്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് പോലീസിന് ലഭിച്ചിരുന്ന വിവരം. സെന്തിലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി, പാല ഡി.വൈ.എസ്പിമാരുടെ നേതൃത്വത്തിലാണ് വെളിയനാടുള്ള സെന്തിലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ എടക്കാട്ടുവയല്‍ സ്വദേശി തോമസിനൊപ്പമായിരുന്നു പോലീസ് പരിശോധനയ്ക്ക് എത്തിയത്. ബോംബ് നിര്‍മിക്കുന്നതിനാവശ്യമായ ചില വസ്തുക്കള്‍ പോലീസ് സെന്തിലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

കേസില്‍ വാണിയം സ്വദേശിയായ ഒരാള്‍കൂടി ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. സ്‌ഫോടകവസ്തു നിര്‍മാണത്തില്‍ സെന്തിലിനെ സഹായിച്ചത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടക വസ്തു വെച്ച സംഭവത്തില്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചു.

വെള്ളൂര്‍ തോന്നല്ലൂരില്‍ ട്രാക്കിനോട് ചേര്‍ന്ന സിഗ്‌നല്‍ ബോക്‌സിന്റെ കോണ്‍ക്രീറ്റ് തറയില്‍ വ്യാഴാഴ്ച്ച രാവിലെ 9.45നാണ് ബോംബ് കണ്ടെത്തിയത്. വന്‍ ശേഷിയില്ലായിരുന്നെങ്കിലും ഉഗ്രസ്‌ഫോടനങ്ങളില്‍ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് ആണ് ഇതിലും ഉപയോഗിച്ചതെന്ന് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

കെ.എസ്.ആര്‍.ടി.സി കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ സെന്തിലും തോമസും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സെന്തില്‍ മുന്‍പും തോമസിനെ കുടുക്കാന്‍ ശ്രമിച്ചിരുന്നുവത്രേ. തോമസിനെ കുടുക്കാന്‍ വേണ്ടി സെന്തില്‍ തോമസിന്റെ പേരും ബൈക്കിന്റെ നമ്പരും ബോംബ് വച്ച ചോറ്റുപാത്രത്തില്‍ വയ്ക്കുകയായിരുന്നുവെന്നും കരുതുന്നു.

Advertisement