ട്രെയിനിനു മുകളിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതി ലഭിച്ചതോടെ ജെയിംസ് ബോണ്ട് നിര്‍മാതാക്കള്‍ ഇന്ത്യയിലെത്തുന്നു. ചില ഉപാധികളോട് കൂടിയാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്ന് റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അറിയിച്ചു. ആയതിനാല്‍ ബോണ്ട് 23 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വേണ്ടി വരും. 2012 ജനുവരിയില്‍ ഗോവയിലാണ് ഷൂട്ടിങ്.

ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രെയ്ഗ് മൊട്ടോര്‍ ബൈക്കില്‍ വേഗത്തില്‍ സഞ്ചരിക്കവെ ഓടുന്ന ട്രെയിനിനു മുകളിലേക്ക് ചാടുന്ന രംഗമാണ് ഗോവയില്‍ ചിത്രീകരിക്കുക. ഇവിടെ നിന്നും ചലിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ട്രെയിനിനു മുകളിലേക്കും ചാടും. ട്രെയിനുകള്‍ക്കു മുകളിലിരുന്ന് യാത്ര ചെയ്യുന്നവരുടെ ഇടയിലേക്ക് നടന്‍ ചാടുന്ന രംഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇത് ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ലോകത്തിന് മോശം ചിത്രം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ത്യയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്നും സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലെന്നുമൊക്കെയുള്ള സന്ദേശം രംഗം നല്‍കുമോ എന്നാണ് മന്ത്രാലയത്തിന്റെ ആശങ്ക. ഇപ്രകാരം യാത്ര ചെയ്യുന്നത് രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആയതിനാല്‍ മുകളില്‍ യാത്രക്കാര്‍ ഇല്ലാത്ത രീതിയിലായിരിക്കും ഈ രംഗങ്ങള്‍ ചിത്രീകരിക്കുക.

ചിത്രീകരണ വേളയില്‍ സുരക്ഷാ കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്നും യാത്രക്കാര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സിനിമാ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇന്ത്യന്‍ റെയില്‍വേ ജെയിംസ് ബോണ്ടിനെക്കാള്‍ ശക്തമാണ്’ എന്ന സന്ദേശം നല്‍കി ബോണ്ട് ഇന്ത്യന്‍ റെയില്‍വേയുടെ ബ്രാന്‍ഡ് അംബാസഡറാവണമെന്ന അഭ്യര്‍ഥനയും ദിനേശ് ത്രിവേദി നടത്തി.

ട്രെയിനുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ചിത്രീകരിക്കുന്നത് എന്നതിനാല്‍ നിര്‍മാതാവ് ഇന്ത്യന്‍ റെയില്‍വേ അധികൃതരെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. എല്ലാ വിധ സഹായവും നല്‍കുമെന്ന് റെയില്‍വേ അവര്‍ക്ക് ഉറപ്പുനല്‍കിയതായാണ് അറിയുന്നത്.