ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി ടി.എം.അന്‍പരശന്റെ വസതിയിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കഴിഞ്ഞ ഡി.എം.കെ സര്‍ക്കാറിലെ തൊഴില്‍ വകുപ്പു മന്ത്രിയായിരുന്നു അന്‍പരശന്‍.

അന്‍പരശന്റെ കുന്ദ്രാത്തൂരിലെ വസതിയിലാണ് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം മറ്റൊരു ഡി.എം.കെ നേതാവായ കെ.പൊന്‍മുടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ സുപ്രധാന രേഖകള്‍ ലഭിച്ചിട്ടുണ്ട്. സ്വന്തം പദവി ദുരുപയോഗം ചെയ്ത് ഭൂമി കൈവശം വെച്ചുവെന്ന കേസില്‍ ആഗസ്റ്റ് 31ന് ചെന്നൈയില്‍ പൊന്‍മുടി അറസ്റ്റിലാവുകയും മദ്രാസ് ഹൈകോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഡി.എം.കെ നേതാക്കളും മുന്‍മന്ത്രിമാരുമായ വീരപാണ്ഡി.എസ്.അറുമുഖം, കെ.എന്‍.നെഹ്‌റു എന്നിവരും നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിട്ടുണ്ട്.