കൊച്ചി: മോഹന്‍ലാലിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഏതാനും വര്‍ഷങ്ങളിലെ നികുതി കുടിശികയും അതിന്റെ പലിശയും അടയ്‌ക്കേണ്ടിവരുമെന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എം.ബി സനല്‍കുമാര്‍. ഇന്നലെ വിപണിയിലെത്തിയ ന്യൂസ് ലൈന്‍ മോഹന്‍ലാല്‍ എന്ന സിനിമാ മാസികയിലാണ് സുനില്‍കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

മോഹന്‍ലാലിന്റെ ചെന്നൈക്കാരനായ പഴയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നികുതി തുക കുറച്ചുകാണിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സനല്‍കുമാര്‍ ആരോപിക്കുന്നത്. ഓരോ വര്‍ഷത്തെയും കൃത്യമായ കണക്കുകള്‍ ഇയാള്‍ സമര്‍പ്പിച്ചിട്ടില്ല. ഇയാള്‍ ചിലവുകള്‍ കൂട്ടിക്കാണിച്ച് നികുതി കുറച്ചടയ്ക്കുകയായിരുന്നു. 28വര്‍ഷമായി ലാലിന്റെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്ന ഇയാളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

200-2009 കാലയളവില്‍ 12 ലക്ഷം രൂപമാത്രമാണ് ലാല്‍ നികുതിയായി അടച്ചിരുന്നത്. എന്നാല്‍ താന്‍ ചുമതലയേറ്റശേഷം 2010-11ല്‍ 60 ലക്ഷം രൂപ അടച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഇതില്‍ 2008-2009ല്‍ അടയ്ക്കാതെ പോയ നികുതിയും അതിന്റെ പിഴയും ലാല്‍ അടയ്‌ക്കേണ്ടിവരും. ഇത് അടച്ച് പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാകാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി നല്‍കിയതാണ്. 100 വര്‍ഷം പഴക്കമുണ്ട് ഈ ആനക്കൊമ്പിനെന്നും സനല്‍കുമാര്‍ പറഞ്ഞു.