തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കിസ്ത് പിരിച്ചെടുക്കുന്നതിലുണ്ടായ വീഴ്ചയില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായതായി പരിശോധനയില്‍ വ്യക്തമായി.

പത്ത് വര്‍ഷം മുമ്പ് പിടിച്ചെടുത്ത മദ്യാസാമ്പിളുകള്‍ പോലും രാസപരിശോധനയ്ക്ക് അയച്ചിട്ടില്ല. മദ്യദുരന്തം ഉള്‍പ്പെടെയുള്ളവ നടന്നിട്ടുള്ള റേഞ്ചുകളില്‍ പോലും സാംപിളുകള്‍ രാസപരിശോധനയ്ക്ക് നല്‍കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ അലംഭാവം കാട്ടിയാതായി വിജിലന്‍സ് കണ്ടെത്തി.

സംസ്ഥാനത്തെ 73 എക്‌സൈസ് ഓഫീസുകളിലാണ് ഓപ്പറേഷന്‍ ക്വിക്ക് എന്ന പേരില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നീക്കം ഏകോപിപ്പിച്ചത്. പലയിടത്തും 1999 മുതലുള്ള സാംപിളുകള്‍ ഓഫീസില്‍ പരിശോധനയ്ക്ക് അയയ്ക്കാതെ വെച്ചിരിക്കുകയാണ്. കള്ളുഷാപ്പുകളില്‍ നിന്ന് ചാരായം പിടിച്ചെടുത്ത കേസുകളുടെ സാംപിളുകള്‍ പോലും ഇത്തരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമൂലം കേസുകളുടെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

വയനാട് മീനങ്ങാടിയില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ പ്രധാനമന്ത്രിയുെട ദുരിതാശ്വാസനിധിയില്‍ തിരിമറി നടത്തിയതായി കണ്ടെത്തി. മലപ്പുറത്ത് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഒരാഴ്ചയായി ഓഫീസിലേക്കെത്തിയിട്ടില്ല. മട്ടാഞ്ചേരിയില്‍ ജീവനക്കാരില്‍ നിന്നും കണക്കില്‍പെടാത്ത 5,600 രൂപ പിടിച്ചെടുത്തു.