എഡിറ്റര്‍
എഡിറ്റര്‍
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ക്യപ്റ്റന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
എഡിറ്റര്‍
Saturday 15th March 2014 4:51pm

malasian-airjet

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെ ക്യാപ്റ്റന്റെ വീട്ടില്‍ മലേഷ്യന്‍ പോലീസ് റെയ്ഡ് നടത്തി.

വിമാനം കാണാതായ സംഭവത്തില്‍ ക്യാപ്റ്റന്‍ സഹാറി അഹമ്മദ് ഷായെയും പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു റെയ്ഡ്.

പരിശോധനയില്‍ നിന്ന്‌ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.  വിമാനം റാഞ്ചിയതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഇന്നുച്ചക്ക് സ്ഥിരീകരിച്ചിരുന്നു.

വിമാനം റാഞ്ചിയവര്‍ തന്നെയാകും തുടര്‍ന്നും പറത്തിയിട്ടുണ്ടാകുക എന്ന നിഗമനത്തിലാണ് അധികൃതര്‍.

എന്നാല്‍ വിമാനം റാഞ്ചിയതിനു പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമല്ലെന്നും വിമാനത്തില്‍ നിന്നുള്ള ആശയവിനിമയ ബന്ധം മനപൂര്‍വ്വം വിഛേദിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുംഅധികൃതര്‍ പറഞ്ഞു.

നേരത്തേ വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലിലെ ചെന്നൈ തീരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യന്‍ നാവിക സേനയും തീര സംരക്ഷണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്.

ഇതിനിടയിലാണ് മലേഷ്യന്‍ അധികൃതരുടെ വിശദീകരണം വന്നിരിക്കുന്നത്. വിമാനം കാണാതായ സംഭവത്തില്‍ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളോ വിശദീകരണങ്ങളോ വന്നിരുന്നില്ല.

അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പുറപ്പെട്ട ബോയിങ് 777200 ഇ.ആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് പോവുകയായിരുന്ന വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്.

ആദ്യം വിമാനം കടലില്‍ മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ കടലിലും മറ്റിടങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു.

Advertisement