Categories

അസഹിഷ്ണുതയ്‌ക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തിലും ഓരോ ഗുര്‍മെഹറുണ്ടാകും; ഗുര്‍മെഹറിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: എ.ബി.വി.പിയ്‌ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയ ഗുര്‍മെഹര്‍ കൗറിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. രാംജാസ് കോളേജില്‍ നടന്ന എ.ബി.വി.പി ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയ ഗുര്‍മെഹര്‍ കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്ദീപ് സിംഗിന്റെ മകളാണ്.

അസഹിഷ്ണതയ്ക്കും അവഗണനയ്ക്കും എതിരെയുയരുന്ന എല്ലാ ശബ്ദങ്ങളിലും ഒരു ഗുര്‍മെഹര്‍ ഉണ്ടായിരിക്കും. ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളുമുണ്ട് കൂടെ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘എനിക്ക് എ.ബി.വി.പി’ യെ ഭയമില്ല എന്നു പ്രഖ്യാപിക്കുന്ന കാമ്പെയ്നുമായി ഗുര്‍മേഹര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണിയുമായി എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുര്‍മേഹര്‍ മുമ്പ് യുദ്ധത്തിനെതിരെ നടത്തിയ കാമ്പെയ്നും ചര്‍ച്ചയായത്. യുദ്ധത്തിനെതിരെ പുറത്തിറക്കിയ വീഡിയോയില്‍ ‘തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല, യുദ്ധമാണ്’ എന്ന് ഗുര്‍മേഹര്‍ പ്ലക്കാര്‍ഡിലൂടെ പറയുന്നുണ്ടായിരുന്നു.


Also Read: ‘ആരാണ് അവളെ ചീത്തയാക്കുന്നത്? ‘പാകിസ്ഥാനല്ല തന്റെ അച്ഛനെ കൊന്നതെന്നു പറഞ്ഞ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെക്കുറിച്ച് കിരണ്‍ റിജിജു


ഇതിനെതിരെ പരിഹസിച്ച് രംഗത്തുവന്ന ക്രിക്കറ്റ് താരം സെവാഗിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയുടെ മനസിനെ ആരാണ് കളങ്കപ്പെടുത്തുന്നത്? ശക്തമായ സായുധസൈന്യം യുദ്ധം തടയും. ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ദുര്‍ബലയായ ഇന്ത്യ എപ്പോഴും അതിക്രമിച്ചു കടക്കപ്പെട്ടിട്ടേയുള്ളൂവെന്ന് ഗുര്‍മെഹറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജിജു ട്വീറ്റ് ചെയ്തിരുന്നു.

Tagged with: |