മുംബൈ: ഏകദിന ക്രിക്കറ്റ് മത്സരം 25 ഓവറുകള്‍ വീതമുള്ള നാല് ഇന്നിങ്‌സുകളാക്കണമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിര്‍ദേശത്തിനു രാഹുല്‍ ദ്രാവിഡിന്റ പിന്തുണ. സച്ചിന്റെ നിര്‍ദേശം അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് തള്ളിയ പശ്ചാത്തലത്തിലാണു രാഹുലിന്റെ പ്രതികരണം.

സച്ചിന്റേതു വളരെ ശ്രദ്ധേയമായ നിര്‍ദേശമാണ്. എന്തുകൊണ്ടാണ് ഇത് ഐ.സി.സി തള്ളിയതെന്നു മനസിലാകുന്നില്ല. നിര്‍ദേശം പരീക്ഷണ യോഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സംവിധാനത്തില്‍ ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇതിന് പകരം 25 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്‌സുകളായാല്‍ ഓരോ ടീമിനും ഒന്നിടവിട്ട ഇന്നിംഗ്‌സുകളാണ് ബാറ്റ് ചെയ്യേണ്ടി വരികയെന്നും അങ്ങിനെ വരുമ്പോള്‍ ടോസിന്റെയും പിച്ചിന്റെയും കാലാവസ്ഥയുടെയും ആനുകൂല്യം ടോസ് കിട്ടുന്ന ടീമിന് ലഭിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ പുതിയ ഫോര്‍മാറ്റില്‍ ബൗളര്‍മാരുടെ ഓവര്‍ പരിധി നാലു പേര്‍ക്കെങ്കിലും 12 ഓവറാക്കാനും സച്ചിന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പവര്‍ പ്ലേയുടെ കാര്യത്തിലും മാറ്റം വേണമെന്ന് സച്ചിന്‍ നിര്‍ദ്ദേശിച്ചിരുന്നു. പല ടെലിവിഷന്‍ അഭിമുഖങ്ങളിലും പുതിയ മാറ്റങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് സച്ചിന്‍ ഇക്കാര്യമുന്നയിച്ച് ഐ.സി.സി ചീഫിന് കത്തെഴുതുന്നത്.