Categories

ജെയ്താപുര്‍ പ്രക്ഷോഭം നയിക്കാന്‍ രാഹുലിനാവുമോ? ഞങ്ങളും ഒപ്പം കൂടാം: ശിവസേന

rahul-gandhiമുംബയ്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കര്‍ഷക പ്രശ്‌നങ്ങളെ ആത്മാര്‍ത്ഥമായിട്ടാണ് കാണുന്നെതങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ജെയ്താപൂര്‍ സന്ദര്‍ശിക്കണമെന്ന് ശിവസേന എക്‌സിക്യൂട്ടീവ് ഉദ്ധവ് താക്കറെ. ജെയ്താപൂരില്‍ നിര്‍ദ്ദിഷ്ട ആണവപദ്ധതിയ്‌ക്കെതിരെ കര്‍ഷകരും മത്‌സ്യത്തൊഴിലാളികളും നടത്തുന്ന സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കണമെന്നും ശിവസേന നേതാവ് ആവശ്യപ്പെട്ടു.

ജെയ്താപുരിലെത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവുകയാണെങ്കില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് ഒപ്പം കൂടാന്‍ തങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ കര്‍ഷകരില്‍ നിന്ന് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് വാദിച്ച് നടത്തുന്ന സമരം രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നാടകമാണ്. ഭൂ വിഷയമുയര്‍ത്തി രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ മായാവതിസര്‍ക്കാരിനെതിരെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നു. പദയാത്ര നടത്തുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ നേരിടുന്നതിന് സമാനമായ പ്രശ്‌നം തന്നെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ജെയ്താപൂരിലേതെന്നും ഉദ്ധവ് താക്കറെ വിശദീകരിച്ചു.

ജയ്താപൂരിലെ ആണവപദ്ധതി കര്‍ഷക വിരുദ്ധമാണ്. ഇവിടെ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നു. എതിര്‍ക്കുന്നവരെ അമര്‍ച്ച ചെയ്യുന്നു. രാഹുല്‍ഗാന്ധിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ ജയ്താപൂരിലെ കര്‍ഷകര്‍ക്ക് വേണ്ടി പോരാടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. കൃഷിഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി ഗ്രേറ്റര്‍ നോയിഡയിലും അലിഗഢിലും നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ വെല്ലുവിളി. ജെയ്താപൂരില്‍ നിര്‍ദ്ദിഷ്ട ആണവപദ്ധതിയ്‌ക്കെതിരെ കര്‍ഷകരും മത്‌സ്യത്തൊഴിലാളികളും നടത്തുന്ന സമരത്തെ ശിവസേനയും പിന്തുണക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.