എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണേന്ത്യയില്‍ മോഡിയേക്കാള്‍ സ്വാധീനം രാഹുലിനെന്ന് ആര്‍.എസ്.എസ് സര്‍വെ
എഡിറ്റര്‍
Sunday 30th March 2014 7:51pm

modi-wid-rahul

ന്യൂദല്‍ഹി: ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോഡിയേക്കാള്‍ സ്വാധീനം രാഹുല്‍ഗാന്ധിക്കെന്ന് ആര്‍.എസ്.എസ് സര്‍വെ റിപ്പോര്‍ട്ട്.

ആര്‍.എസ്.എസിന്റെ മുഖമാസികയായ ഓര്‍ഗനൈസര്‍ നടത്തിയ സര്‍വെയിലാണ് ഈ വിവരമുള്ളത്. റോഡ്, കുടിവെള്ളം, ആശുപത്രികള്‍ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് ഇനി പ്രാധാന്യം നല്‍കേണ്ടതെന്നും സര്‍വെയില്‍ പറയുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് 43 ശതമാനത്തോളം ആളുകളും നരേന്ദ്ര മോഡിയെയാണ് പിന്തുണക്കുന്നതെന്ന് പറയുന്ന സര്‍വെ, എന്നാല്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് വേണ്ടത്ര വേരോട്ടമുണ്ടാകില്ലെന്ന നിരീക്ഷണത്തിലാണ്.

രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ദക്ഷിണേന്ത്യയില്‍ ഒറ്റപെട്ട വിജയങ്ങള്‍ ബിജെപി നേടിയേക്കാമെന്നാണ് സര്‍വെ പറയുന്നത്.

ദക്ഷിണേന്ത്യയില്‍ 35.8 ശതമാനത്തോളം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമ്പോള്‍ 33.3 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നരേന്ദ്ര മോഡിക്കുളളത്. ദല്‍ഹിയിലും ഹരിയാനയുടെ നഗര പ്രാന്തങ്ങളിലും ആം ആദ്മി വിജയം നേടിയേക്കാമെന്നും സര്‍വ്വെ വിലയിരുത്തുന്നു.

രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ മാസിക അഭിപ്രായ സര്‍വെ നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മുന്‍കാലങ്ങളില്‍ ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും ഉയര്‍ത്തിയ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുളള വിഷയങ്ങളായിരുന്നു ബിജെപിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഈ ആഴ്ച പുറത്തിറക്കിയ മാസികയുടെ സര്‍വ്വെകളില്‍ ഇക്കാര്യം പരിഗണിച്ചതേയില്ല.

അതെസമയം ബി.ജെ.പി നാളെ പുറത്തിറക്കാനിരിക്കുന്ന പ്രകടന പത്രികയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ഓര്‍ഗനൈസര്‍ വീക്ക്‌ലീക്ക് വേണ്ടി ‘ലോക്‌സാരഥി’ എന്ന സന്നദ്ധ സംഘടന രാജ്യത്തെ 380 മണ്ഡലങ്ങളിലെ ഒരു ലക്ഷത്തി പതിനാലായിരം പേരില്‍ നിന്നും സ്വീകരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വെ ഫലങ്ങള്‍ പുറത്തുവിട്ടത്.

Advertisement