എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍: അദ്ധ്വാനിക്കാതെ കാത്തുനില്‍ക്കുന്ന രാജകുമാരന്‍; ദി ഇക്കണോമിസ്റ്റ്
എഡിറ്റര്‍
Thursday 13th September 2012 1:55pm


മൊഴിമാറ്റം:ജിന്‍സി ബാലകൃഷ്ണന്‍


ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ദി ഇക്കണോമിസ്റ്റ് മാഗസില്‍ ലേഖനം. രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്താണ്, അധ്വാനിക്കാനുള്ള ത്വര പ്രകടമാക്കാതെ കാത്തുനില്‍ക്കുന്ന രാജകുമാരന്‍ തുടങ്ങിയ മുഖവുരകളോടെയാണ് ‘ ദി രാഹുല്‍ പ്രൊബ്ലം’ എന്ന തലക്കെട്ടിലുള്ള ലേഖനം തുടങ്ങുന്നത്.

Ads By Google

രാഹുല്‍ കേവലം പെരുപ്പിച്ചു കാട്ടുന്ന ഒരു പ്രതീകം മാത്രമാണെന്നാണ ലേഖനത്തിലെ വിമര്‍ശനം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു നല്ല രാഷ്ട്രീയ വ്യക്തിത്വം പോലുമായി വളരാനാവാത്ത രാഹുലിനെ കോണ്‍ഗ്രസ് തങ്ങളുടെ ദേശീയ രാഷ്ട്രീയ വ്യക്തിത്വമായി ഉയര്‍ത്തിക്കാണിക്കുന്നത് ‘ഗാന്ധി കുടുംബ’ത്തിന് കോണ്‍ഗ്രസിലുള്ള ആധിപത്യം കൊണ്ടുമാത്രമാണ്. ഇത് പുനപരിശോധിക്കാന്‍ തയ്യാറാകണമെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.

ലേഖനത്തിന്റെ പരിഭാഷ

എന്താണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം? ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന ഗാന്ധി കുടുംബാംഗമായ ഈ നാല്‍പത്തിരണ്ടുകാരനാണ് 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. ഇതിന് മുന്നോടിയായി ആഴ്ചകള്‍ക്കകം അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പുതിയ ചുമതല നല്‍കുകയോ (വൈസ് പ്രസിഡന്റ് സ്ഥാനം) സര്‍ക്കാര്‍ ജോലി (ഗ്രാമവികസന മന്ത്രി) നല്‍കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഒരു മന്ത്രിസഭാ അഴിച്ചുപണി ഉടന്‍ പ്രതീക്ഷിക്കാം.

രാഹുല്‍ ഗാന്ധിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യമാണ്. അമ്മയും പാര്‍ട്ടി പ്രസിഡന്റുമായ സോണിയാ ഗാന്ധിയുടെ പിന്മാഗിമായി രാഹുലിനെ കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2014 ലെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് മുമ്പ് ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി കഴിവ് തെളിയിക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി ഉയര്‍ന്നുവരാന്‍ വൈകുന്തോറും അദ്ദേഹത്തിന്റെ ബന്ധുക്കളായ യുവാക്കളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള സാധ്യതയും കുറവാണ്.

പക്ഷേ പാര്‍ട്ടിയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിക്കുകയാണ്. കോണ്‍ഗ്രസിന്റെ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കാനും പ്രാദേശിക തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ നയിക്കാനുമാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് കാര്യങ്ങളിലും നല്ലഫലം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള അഭിരുചി രാഹുല്‍ ഗാന്ധി ഇതുവരെ കാണിച്ചിട്ടില്ലെന്നതാണ് പ്രശ്‌നം. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആവേശവും അദ്ദേഹത്തിനില്ല. അയാള്‍ ഭീരുവാണ്, മാധ്യമപ്രവര്‍ത്തകര്‍, ജീവചരിത്രകാരന്‍മാര്‍, മുഖ്യ സഖ്യകക്ഷികള്‍, എതിരാളികള്‍ തുടങ്ങിയവരോട് സംസാരിക്കാന്‍ അദ്ദേഹത്തിന് മടിയാണ്. പാര്‍ലമെന്റില്‍ പോലും രാഹുലിന്റെ സ്വരം പൊങ്ങാറില്ല. രാഹുലിന്റെ കഴിവെന്താണ്, അധികാരവും കൂടുതല്‍ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹമില്ലേ എന്നിവയെക്കുറിച്ചൊന്നും ആര്‍ക്കും അറിയില്ല. രാഹുല്‍ ഗാന്ധിയ്ക്ക് തന്നെ ഇക്കാര്യങ്ങള്‍ അറിയില്ലെന്ന സംശയവും വര്‍ധിക്കുകയാണ്.

രാഹുല്‍ ഗാന്ധിയെ ‘ഡീകോഡ്’ ചെയ്യാനുള്ള ഏറ്റവും ഒടുവിലത്തെ ഉദ്യമമായിരുന്നു ആരതി രാമചന്ദ്രന്റെ ജീവചരിത്രം. അവരുടെ ഉദ്യമം പരാജയപ്പെട്ട ഒന്നായിരുന്നു. രാഹുല്‍ ഗാന്ധി ഒരു ഉദ്യോഗാര്‍ത്ഥിയാണ്: ഇന്ത്യയെ നയിക്കുകയെന്ന ജോലി. ജോലിക്ക് അപേക്ഷിക്കുന്ന ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും തന്റെ യോഗ്യത, പ്രവൃത്തിപരിചയം, ഈ ജോലി തിരഞ്ഞെടുക്കാനുണ്ടായ കാരണം എന്നീ ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരപറയേണ്ടി വരും. എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിദേശത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ചോ ലണ്ടനിലെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയിലെ ഉദ്യോഗം സംബന്ധിച്ചോ, രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള പ്രതീക്ഷകള്‍ സംബന്ധിച്ചോയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാനാവുന്നില്ല.

ഗാന്ധി കുടുംബത്തെപ്പറ്റിയുള്ള മറ്റ് പുസ്തകങ്ങളെ പോലെ തന്നെ പ്രാഥമികമായ തെളിവുകളുടെ അഭാവം ആരതി രാമചന്ദ്രന്റെ പുസ്തകത്തിനുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തികളിലൂടെയും വല്ലപ്പോഴുമുണ്ടാകുന്ന പൊതുപ്രസംഗത്തിലൂടെയും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളിലൂടെയും മാത്രമേ രാഹുല്‍ ഗാന്ധിയെ അളക്കാനാവൂ. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ ഈ ജോലി ചെയ്തു: സഹാനുഭൂതിയോടെയും അതേസമയം വിമര്‍ശനാത്മകവുമായി അദ്ദേഹത്തിന്റെ വിവിധ പ്രവൃത്തികളെ പരിശോധിച്ചു. ടൊയോട്ടയില്‍ നിന്നും പഠിച്ച മാനേജ്‌മെന്റ് ടെക്‌നിക്ക്‌സ് ഉപയോഗിച്ച് യുവജനസംഘടനയെ പരിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്യമകള്‍ ആത്മാര്‍ത്ഥവും സാര്‍ത്ഥകവുമായിരുന്നെങ്കിലും ഒടുക്കം അതെല്ലാം പരാജയപ്പെട്ടെന്ന് അവര്‍ പറയുന്നു. രാഹുല്‍ എന്ന ബ്രാന്റ് ആശയക്കുഴപ്പമാണെന്നും അവര്‍ നിര്‍ദേശിക്കുന്നു. നിരവധി വിശേഷാധികാരമുള്ള ഈ വ്യക്തി കുടുംബപശ്ചാത്തലം ഒന്നുകൊണ്ട് മാത്രം ഉയര്‍ന്നുവരികയാണ്.

പാവപ്പെട്ട ഇന്ത്യക്കാരുടെ ജീവിതം ഉയര്‍ത്താന്‍ ആഗ്രഹമുള്ളയാളും എന്നാല്‍ അത് എങ്ങനെ പ്രാബല്യത്തില്‍ വരുത്തണം എന്നതിനെക്കുറിച്ച് ഒരു ആശയവും ഇല്ലാത്തയാളായാണ് രാഹുല്‍ ഗാന്ധിയെന്നാണ് ആരതിയുടെ പുസ്തകം വായിക്കുമ്പോള്‍ തോന്നുക. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറ പാതിവെന്തതാണ്. ഏതെങ്കിലുമൊരു പ്രത്യേക മണ്ഡലവുമായി ശക്തമായ ബന്ധമുണ്ടാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. ഗാന്ധി കുടുംബം പരമ്പരാഗതമായി ചാര്‍ത്തിതന്ന റോള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു. (ഈ മഹത് കുടുംബത്തിലെ വിദേശത്ത് വിദ്യാഭ്യാസം നേടിയ വ്യക്തിയായാണ് രാഹുലിനെ ഗാന്ധി കുടുംബം രംഗത്തിറക്കുന്നത്). ഗ്രാമീണ കര്‍ഷകരുടെ അഴുക്ക് ജലം കുടിക്കുകയും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നയാളായി സ്വയം ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഒരു പ്രത്യേക സംഘത്തിന്റെയോ നയത്തിന്റെയോ പിന്തുണയോടെ ഇത്തരം രീതികളില്‍ ഉറച്ചുനില്‍ക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. താത്പര്യങ്ങള്‍ ഒരുപാടുള്ളയാളും അതേസമയം ഒരു തിരഞ്ഞെടുപ്പ് ഫലത്തിലൂടെയോ സാമൂഹ്യ പരിഷ്‌കരണത്തിലൂടെയോ അത് നടപ്പാക്കി കാണിക്കാനുള്ള കഴിവില്ലാത്തയാളുമാണ് രാഹുല്‍ എന്ന് കാണിക്കുന്നവയായിരുന്നു ഇതെല്ലാം.

ഈ പ്രശ്‌നങ്ങളുടെ ഒരു പങ്ക് രാഹുല്‍ ഗാന്ധിയ്ക്ക് ചുറ്റുമുള്ള ഉപദേശകരുടെ വീഴ്ചയാണ്. തങ്ങളുടെ നേതാവിനെ ഒരു കുമിളയില്‍ പൊതുഞ്ഞ് സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ഈ ഉപദേശകര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ തയ്യാറല്ല. ഈ നിഴല്‍സംഘത്തിന് തിരഞ്ഞെടുപ്പ് വിജയിക്കണം, ദേശീയ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന ശക്തരായ പ്രാദേശിക നേതാക്കളുമായി സമര കരാറുണ്ടാക്കണം, കേബിള്‍ ടിവി യുഗത്തില്‍ മാധ്യമ തന്ത്രങ്ങള്‍ മെനയണം എന്നീ ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.

അടിസ്ഥാനപരമായി നയങ്ങള്‍ സംബന്ധിച്ച ഒരു ഉറച്ച കാഴ്ചപ്പാട് ഇവരില്‍ വികസിച്ച് വന്നിട്ടില്ല. എന്തിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്: കുറേക്കൂടി ലിബറലായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കോ, പ്രതിരോധ ദേശീയതയ്‌ക്കോ, രാജ്യപുരോഗതി വര്‍ധിപ്പിക്കാനോ? ഇതിന് പകരം അവര്‍ ഒരേ തന്ത്രത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനിഷ്ടപ്പെടുന്നു. ഇവരുടെ മോശം ഉപദേശം കാരണമാകാം ചിലപ്പോള്‍ രാഹുല്‍ ഗാന്ധിയെയും അസ്ഥിരനും കഴിവില്ലാത്തവനുമായി തോന്നുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുമ്പില്‍ അവസരങ്ങള്‍ തുറന്നിരുന്നു. കഴിഞ്ഞവര്‍ഷത്തെ അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരമായിരുന്നു ഒന്ന്. കോണ്‍ഗ്രസിനെയും അതിന്റെ സഖ്യകക്ഷികളെയും നയിക്കുന്ന നേതാക്കന്മാരുടെ ഭാഗത്ത് നിന്നുള്ള വന്‍ അഴിമതിയ്‌ക്കെതിരെ മധ്യവര്‍ഗ വോട്ടര്‍മാരും, യുവാക്കളും രംഗത്തുവന്ന സാഹചര്യമായിരുന്നു ഇത്.  ആശയക്കുഴപ്പവും തടസങ്ങളും നിറഞ്ഞ സമരമായിരുന്നിട്ടും ഇവരുടെ വിദ്വേഷത്തെ വിജയകരമായി കൈകാര്യം ചെയ്യാന്‍ ഹസാരെയുടെ കേമ്പെയ്‌നിന് സാധിച്ചു.  ഒരു പരിധിവരെയെങ്കിലും രാഹുല്‍ ഗാന്ധി ഈസമരത്തില്‍ ഇടപെടണമായിരുന്നു. അഴിമതിക്കും അസമത്വത്തിനുമെതിരായ പൊതുഎതിര്‍പ്പിനെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് കഴിയണമായിരുന്നു. ഹസാരെയുടെ കേമ്പെയ്‌നിന് ചെറിയ തിരിച്ചടിയെങ്കിലുമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിക്കണമായിരുന്നു.

അല്ലെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി സോണിയാ ഗാന്ധി വിദേശത്തേക്ക് പോയ സമയത്ത് രാഹുല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അഴിമതി വിരുദ്ധ സമരത്തെ നേരിടുകയും ചെയ്യണമായിരുന്നു. ആരോപണ വിധേയരായ രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്, വിവരാവകാശ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട് എന്നീ അവകാശവാദമുയര്‍ത്തി അഴിമതിയെ തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നതിന് തെളിവെങ്കിലും അദ്ദേഹത്തിന് കാണിച്ചുകൊടുക്കാമായിരുന്നു. ഇതിന് പകരം മറയത്ത് അദ്ദേഹം പരാജയം സമ്മതിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റില്‍ ഒരു തവണ അനവസരത്തില്‍ സംസാരിച്ചതൊഴിച്ചാല്‍ അദ്ദേഹം മിണ്ടാന്‍ പോലും ധൈര്യപ്പെട്ടില്ല.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുകയെന്നതായിരുന്ന മറ്റൊരു അവസരം. 2012ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നയിച്ച പ്രചരണം പരാജയപ്പെട്ടത് വളരെ ചുരുക്കിയും വ്യക്തമായും ജീവചരിത്രത്തില്‍ പരിശോധിച്ചിട്ടുണ്ട്. 2009ലെ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ മോശമായ പ്രകടനമാണ് യു.പിയില്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്.  കോണ്‍ഗ്രസിന്റെ കുത്തക നിയമസഭാ മണ്ഡലങ്ങള്‍പോലും വിട്ടുകൊടുത്ത് രാഹുല്‍ ഗാന്ധി നയിച്ച പാര്‍ട്ടി നാലാം സ്ഥാനത്തെത്തുകയാണ് ചെയ്തത്.

ഒരു പക്ഷേ തുടക്കം മുതലേ അദ്ദേഹം പരാജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്. (കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വോട്ടര്‍മാര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതിനാല്‍ അവരുടെ വോട്ട് വെറുതെ നഷ്ടപ്പെടുത്തേണ്ടയെന്ന് കരുതി). പക്ഷെ അദ്ദേഹം സ്വീകരിച്ച മാര്‍ഗം- പ്രത്യേക ജാതി-മത വിഭാഗങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കാതെയുള്ള നിലവാരമില്ലാത്ത പൊതുപ്രസംഗം, പ്രാദേശിക സംഘാടകരുമായി അടുപ്പമില്ലായ്മ- എന്നിവ അദ്ദേഹത്തെ സഹായിച്ചില്ല.  പഴയ അനുഭവങ്ങള്‍ അവഗണിച്ച് ഈ പ്രത്യേക തിരഞ്ഞെടുപ്പിനുവേണ്ടി സ്വയം കൂടുതല്‍ സമര്‍പ്പിച്ചുവെന്നതാണ് ഏറ്റവും വലിയ അബദ്ധം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബീഹാറിലും കേരളത്തിലും സമാനമായ അദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ ഇതേ ഫലം തന്നെയാണ് തന്നത്.

യു.പിയിലെ തിരഞ്ഞെടുപ്പ് മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം വലിയൊരു സ്ഥാനമോ ഉത്തരവാദിത്വമോ ഏറ്റെടുത്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.  ശ്രീമതി രാമചന്ദ്രന്‍ ‘Decoding Rahul Gandhi’ എന്ന പേരില്‍ പ്രചരിപ്പിച്ച രാഹുല്‍ഗാന്ധിയുടെ ഇമേജ് വാസ്തവത്തില്‍ ഇന്ത്യയുടെ ഒരു ലീഡിങ് പൊളിടീഷ്യന്‍ എന്ന് പെരുപ്പിച്ച് കാണിക്കുന്ന ഒന്ന് മാത്രമാണ്.

അതുകൊണ്ടുതന്നെ പുരോഗമനപരമായി കോണ്‍ഗ്രസ് ചിന്തിക്കേണ്ട സമയമിതാണ്: നയങ്ങളുടെയും ഇന്ത്യ എങ്ങനെ വികസിക്കണമെന്ന ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വയം പുന:സംഘടിപ്പിക്കണം. അതൊരിക്കലും ഒരു പ്രത്യേക കുടുംബത്തിന്റെ താത്പര്യത്തിന് അനുസരിച്ചായിരിക്കരുത്. ആരതി രാമചന്ദ്രന്റെ പുസ്തകം ഈ ചിന്തയെ സ്പര്‍ശിക്കുന്നില്ല. എങ്കിലും കോണ്‍ഗ്രസിലെ ശക്തര്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമിതാണ്.

കടപ്പാട്:ദി ഇക്കണോമിസ്റ്റ്‌

Advertisement