എഡിറ്റര്‍
എഡിറ്റര്‍
തനിയ്‌ക്കെതിരെയുള്ള രാഹുലിന്റെ ഏത് നടപടിയും നേരിടും: സുബ്രഹ്മണ്യന്‍ സ്വാമി
എഡിറ്റര്‍
Friday 2nd November 2012 12:32pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും മകനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഭീഷണിയ്‌ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

രാഹുല്‍ ഏത് തരത്തിലുള്ള നടപടി സ്വീകരിച്ചാലും അതിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് സ്വാമി അറിയിച്ചു. നിയമവിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. വ്യക്തമായ തെളിവുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. അത് എവിടെ വേണമെങ്കിലും തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്- സ്വാമി പറഞ്ഞു.

Ads By Google

തങ്ങളുടെ ഭരണസ്വാധീനം ഉപയോഗിച്ച് സോണിയയും രാഹുലും ചേര്‍ന്ന് 1,600 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കിയെന്നാണ് ന്യൂദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വാമി ആരോപിച്ചത്.

കമ്പനി നിയമത്തിന്റെ 25 ാം വകുപ്പുപ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന പേരില്‍ 2011 യങ് ഇന്ത്യന്‍ എന്ന സ്വകാര്യകമ്പനി രൂപീകരിച്ചാണ് 1600 കോടി മൂല്യമുള്ള അസോസിയേറ്റഡ് ജേണല്‍സ് സോണിയയും രാഹുലും ചേര്‍ന്ന് ചുളുവില്‍ സ്വന്തമാക്കിയതെന്ന് സ്വാമി ആരോപിച്ചിരുന്നു.

പബ്ലിക് ലിമിറ്റഡ് കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ സോണിയയും രാഹുലും ചേര്‍ന്ന് യങ് ഇന്ത്യന്‍ എന്ന പേരില്‍ സ്വകാര്യസ്ഥാപനമാക്കി മാറ്റി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയാണ് ഇവര്‍ യങ് ഇന്ത്യന്‍ കമ്പനിയുടെ 76 ശതമാനം ഓഹരിയും സ്വന്തമാക്കിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

1,600 കോടിരൂപ മൂല്യമുള്ള ഹെറാള്‍ഡ് ഹൗസിന്റെ രണ്ടുമുറികള്‍ പാസ്‌പോര്‍ട്ട് ഓഫീസിനു നല്‍കിയതിലൂടെ വാടകയിനത്തില്‍മാത്രം പ്രതിമാസം 30 ലക്ഷം രൂപയാണ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതു സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രസ്തുത കമ്പനിയെ സംബന്ധിച്ച വിശദാംശങ്ങള്‍ രാഹുല്‍ മറച്ചുവച്ചെന്നും സ്വാമി ആരോപിച്ചു.

Advertisement