എഡിറ്റര്‍
എഡിറ്റര്‍
മോദീ, താങ്കള്‍ ‘അംഗീകരിച്ചത് ‘സുഷ്മസ്വരാജിനെയല്ല കോണ്‍ഗ്രസിനെയാണ്; സുഷ്മയുടെ യു.എന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Sunday 24th September 2017 11:59am

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്റെ ഭീകരവാദപ്രവര്‍ത്തനത്തേയും ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തേയും കുറിച്ചുള്ള വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ പ്രസംഗത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

സുഷ്മ സ്വരാജിനോടുള്ള മറുപടിയിലായിരുന്നു മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്. സുഷ്മ ജീ, ഐ.ഐ.ടികളും ഐ.ഐ.എമ്മും സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണത്തേയും പാരമ്പര്യത്തേയും ഒടുവില്‍ അംഗീകരിച്ചതിന് നന്ദി എന്നായിരുന്നു രാഹുല്‍ കുറിച്ചത്.


Dont Miss അടൂരില്‍ മുസ്‌ലിം പള്ളിക്കുനേരെ ആക്രമണം; ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചുതകര്‍ത്തു; പ്രതി മദ്യലഹരിയിലെന്ന് പൊലീസ്


ഇന്ത്യയുടെ വികസനത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തിരുന്നില്ലെന്ന മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

2016 ല്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ പോലും മോദി പറഞ്ഞത് 60 കൊല്ലംകൊണ്ട് കോണ്‍ഗ്രസ് പാവങ്ങളെ സഹായിച്ചിട്ടും അവര്‍ ഇപ്പോഴും ദാരിദ്ര്യത്തിലാണെന്നായിരുന്നു. 60 വര്‍ഷത്തെ ദുര്‍ഭരണത്തെ അവഗണിക്കാനാവില്ലെന്നായിരുന്നു അന്ന് മോദി പറഞ്ഞത്.

അതേവര്‍ഷം നവംബറില്‍ കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത് 70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും വെറും 70 മാസം കൊണ്ട് ഇതെല്ലാം തങ്ങള്‍ ശരിയാക്കിത്തരാമെന്നുമായിരുന്നു. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലും 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് കൊള്ളയടിച്ചത് തിരിച്ചുകൊണ്ട് വന്ന് പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ട് ചെയ്തത് എന്തെല്ലാമാണെന്ന മറുപടിയായിരുന്നു സുഷ്മയുടെ യു.എന്നിലെ പ്രസംഗം.
‘പാകിസ്താനിലെ രാഷ്ട്രീയക്കാരോട് ഇന്ന് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഒരേ സമയം സ്വതന്ത്രമായിത്തീര്‍ന്ന രാജ്യങ്ങളാണ്. ഇന്ത്യ ഇപ്പോള്‍ ഒരു ഐ.ടി. സൂപ്പര്‍ പവര്‍ ആയി മാറിയിരിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഒരു ഭീകര രാഷ്ട്രമായി അറിയപ്പെടുന്നു. ഇത് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഐഐടികള്‍, ഐഐഎം, എഐഐഎംഎസ്, ഐഎസ്ആര്‍ഒ എന്നിവ 70 വര്‍ഷത്തിനിടെ ഇവിടെ സ്ഥാപിച്ചു. പാകിസ്താന്‍ എന്തു ചെയ്തു? ലഷ്‌ക്കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ-മുഹമ്മദ്, ഹഖാനി നെറ്റ്വര്‍ക്ക്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ സ്ഥാപിച്ചു. ഞങ്ങള്‍ ശാസ്ത്രജ്ഞന്‍മാരേയും ഡോക്ടര്‍മാരേയും എന്‍ജിനീയര്‍മാരേയും സൃഷ്ടിച്ചു. നിങ്ങള്‍ എന്താണ് നിര്‍മ്മിച്ചിരിക്കുന്നത്? നിങ്ങള്‍ ഭീകരരെ സൃഷ്ടിച്ചു’- ഇങ്ങനെയായിരുന്നു സുഷ്മയുടെ പ്രസംഗം.

സുഷ്മയുടെ ഈ പ്രസംഗം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള അംഗീകാരമായിരുന്നു. അതുകൊണ്ട് തന്നെ സുഷ്മയെയല്ല മോദി അഭിനന്ദിച്ചതെന്നും മറിച്ച് കോണ്‍ഗ്രസിനെയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Advertisement