rahul-gandhi ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ ലോക്പാലിനെ ഒരു ഭരണഘടനാസ്ഥാപനമാക്കണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. അണ്ണാ ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അഴിമതിയെ നേരിടാന്‍ എളുപ്പവഴിയൊന്നുമില്ലെന്നും ലോക്പാല്‍കൊണ്ടുമാത്രം അഴിതി ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഊര്‍ജ്ജസ്വലരായ കൂടുതല്‍ യുവാക്കള്‍ കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വെച്ചു. സഭയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവരാന്‍ മാത്രമേ രാഹുലിന് അവകാശമുള്ളുവെന്നുവെന്നും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കാന്‍ മന്ത്രിമാര്‍ക്ക് മാത്രമാണ് അധികാരമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. എന്നാല്‍ ശൂന്യവേളയില്‍ പ്രസംഗം നടത്താന്‍ രാഹുലിന് അനുമതി നല്‍കിയത് താനാണെന്ന് സ്പീക്കര്‍ മീരാ കുമാര്‍ വ്യക്തമാക്കി.