എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബിലെ ഭൂരിഭാഗം യുവാക്കളും മയക്കുമരുന്നിന് അടിമകള്‍: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Friday 12th October 2012 10:44am

ഛണ്ഡീഗഡ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.

പഞ്ചാബിലെ പത്തില്‍ ഏഴ് ശതമാനം യുവാക്കളും മയക്കുമരുന്നിന് അടിമകളാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ തന്നെ മറുപടിയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തി. രാഹുല്‍ ഒരു ദേശീയ തമാശയാണെന്നായിരുന്നു പഞ്ചാബ് സര്‍ക്കാറിന്റെ പ്രതികരണം.

Ads By Google

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുല്‍ ഒരു ദേശീയ തമാശയാണെന്നും ആരോട് എന്താണ് പറയേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഹര്‍ചരണ്‍ ബെയ്ന്‍സ് തിരിച്ചടിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ പഞ്ചാബിലെത്തിയത്. രാജ്യത്തെ യുവാക്കള്‍ക്ക് അറിവ് നേടാന്‍ ഇന്ന് നിരവധി വഴികളുണ്ട്. പക്ഷേ നമ്മുടെ യുവാക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്. പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാവുകയാണ്. എന്നാല്‍ ഇതിനെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പഞ്ചാബിലെ പ്രത്യേകിച്ച് സിഖ് യുവാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

രാജ്യത്തെ യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം ശ്രമിച്ചത്. ഇപ്പോള്‍ പറയുന്നു യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്ന്. ഇത്തരം ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ മാനഭംഗക്കേസുള്‍ നോക്കണമെന്നും സുഖ്ബീര്‍ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതികളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശിരോമണി അകാലിദള്‍ (എസ്.ഡി)-ബി.ജെ.പി സഖ്യം ഭരിക്കുന്ന പഞ്ചാബ് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും എസ്.എസ്-എസ്.ടി വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Advertisement