നോയിഡ: നോയിഡയില്‍ നാളുകളായി നടന്നുവരുന്ന ഭൂസമരത്തിലേക്ക് അതിസാഹസികമായി കടന്നുവന്നുകൊണ്ട് സര്‍ക്കാരിനെയും മാധ്യമങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. യു.പി.സര്‍ക്കാരിനെ അറിയിക്കാതെയും സുരക്ഷ വകവെക്കാതെയുമാണ് അദ്ദേഹം ഭൂപ്രക്ഷോഭത്തിലെത്തിയതും അറസ്റ്റ് വരിച്ചതും. എന്നാല്‍ ഇത്രയും അതിസാഹസികതക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്ത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഗ്രേറ്റര്‍ നോയിഡക്ക് സമീപം വരെ അംഗരക്ഷകര്‍ക്കൊപ്പം യാത്ര ചെയ്ത രാഹുല്‍ അതിനുശേഷം എസ്.പി.ജി. അംഗരക്ഷകരൊന്നും ഇല്ലാതെ ബൈക്കിനു പിറകിലിരുന്നായിരുന്നു പ്രക്ഷോഭഭൂമിയിലെത്തിയത്. പോലീസിനെ വെട്ടിച്ച് രാഹുല്‍ പൗര്‍സൗളിലെത്തിയതോടെ നിരോധന്ജ്ഞ പിന്‍വലിച്ചു കൊണ്ടുള്ള ജില്ലാഭരണകൂടത്തിന്റെ പ്രഖ്യാപനവും വന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് രാഹലെത്തിയ വിവരം സര്‍ക്കാരും ജില്ലാ ഭരണകൂടവും അറിയുന്നത്.

യമുനാ എക്‌സ്പ്രസ്‌വേക്കെതിരായാണ് പൗര്‍സൗളിലും പരിസരപ്രദേശത്തും സമരം നടക്കുന്നത്. സര്‍ക്കാര്‍ ഏറ്റടുത്ത ഭൂമിയില്‍ പകുതി തിരികെ നല്‍കുക, അര്‍ഹമായ നഷ്ടപരിഹാരം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

കോണ്‍ഗ്രസ് സര്‍ക്കാരിനും മായാവതി സര്‍ക്കാരിനും വികസന നയത്തില്‍ വ്യത്യാസങ്ങളൊന്നും തന്നെയില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴും ഭൂസമരങ്ങള്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല. ഈ അവസരത്തില്‍ രാഹുലിന്റെ സന്ദര്‍ശനം കേവലം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍.