അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് സമയത്ത് പാകിസ്ഥാനെക്കുറിച്ചല്ല ഗുജറാത്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് പ്രധാനമന്ത്രിയോട് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ താരാദ് മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി ചിലപ്പോള്‍ പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിലപ്പോള്‍ ചൈനയേയും ജപ്പാനെയും കുറിച്ചുമാണ് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് ഗുജറാത്തിലാണ്. വല്ലപ്പോഴും ഗുജറാത്തിനെക്കുറിച്ചും സംസാരിക്കണം.’

കോണ്‍ഗ്രസ് പാകിസ്ഥാനുമായി ചേര്‍ന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു എന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കവേയാണ് രാഹുലിന്റെ പരാമര്‍ശം. നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മോദിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഗുജറാത്തില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രധാനമന്ത്രി തന്നെ ഇത്തരം നുണപ്രചരണങ്ങളുമായി വരുന്നത് വേദനയുണ്ടാക്കുന്നുവെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം. ഭീകരതയ്ക്കെതിരായ പോരാട്ടത്തിനിടെ ദേശീയതയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു ഒത്തുതീര്‍പ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.