ന്യൂദല്‍ഹി: വിലക്കയറ്റവും കൂട്ടുകക്ഷിഭരണവും സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് പുതിയ തലവേദന സൃഷ്ടിക്കുന്നു. വിലക്കയറ്റം തടയുന്നതില്‍ ശക്തമായ നടപടിയെടുക്കുന്നതിന് തടസം കൂട്ടുകക്ഷി മന്ത്രിസഭയുടെ സമ്മര്‍ദ്ദങ്ങളാണെന്ന പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.

നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്. രാജ്യം കടുത്ത വിലക്കയറ്റം നേരിടുന്ന സാഹചര്യമാണിതെന്ന് പറഞ്ഞ രാഹുല്‍ ഇത് നേരിടുന്നതിനുള്ള ഏറ്റവും വലിയ പ്രശ്‌നം കൂട്ടുകക്ഷി സര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങളാണെന്നും വ്യക്തമാക്കി.

ഇന്ദിരാഗാന്ധിയുടെ കാലത്ത് എടുത്തതുപോലുള്ള ശക്തമായ നടപടികളെടുത്താലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകൂ. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്നത് കൂട്ടുകക്ഷിസര്‍ക്കാറാണ്. സ്വാഭാവികമായും കൂട്ടുകക്ഷി സര്‍ക്കാറിന്റെതായ ചില ദൗര്‍ബല്യങ്ങള്‍ വിലക്കയറ്റമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ പ്രതിഫലിക്കുന്നുണ്ടെന്നുമായിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ രാഹുലിന്റെ പ്രസ്താവന ശരത് പവാറിനെയും എന്‍ സി പിയെയും ലക്ഷ്യംവെച്ചായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ പ്രസ്താവനക്കെതിരേ എന്‍ സി പി രംഗത്തെത്തി. കാര്യങ്ങള്‍ അറിയാതെയാണ് രാഹുലിന്റെ പ്രസ്താവനയെന്നും വിലക്കയറ്റം തടയേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്നും എന്‍ സി പി നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.