എഡിറ്റര്‍
എഡിറ്റര്‍
രാഹുലിന്റെ കേരള സന്ദര്‍ശനം വിവാദമാകുന്നു; സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്‌തെന്ന് ആരോപണം
എഡിറ്റര്‍
Tuesday 14th January 2014 12:00pm

rahul

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വിവാദമാകുന്നു. പോലീസ് ജീപ്പിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതാണ് വിവാദമായിരിക്കുന്നത്.

സര്‍ക്കാര്‍ വാഹനത്തിന് മുകളില്‍ കയറിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രകടനം നിയമവിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

നിയമ ലംഘനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ഗതാഗത കമ്മീഷണര്‍ നടപടിയെടുക്കുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള യുവ കേരള യാത്രയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്.

കൊച്ചിയില്‍ നിന്നും കനത്ത സുരക്ഷയില്‍ റോഡ് മാര്‍ഗം ആലപ്പുഴയിലെത്തിയ അദ്ദേഹം കായംകുളത്തിനടുത്ത് ചാരുംമൂട്ടില്‍ വച്ചാണ് യുവ കേരള യാത്രയില്‍ ചേര്‍ന്നത്.

പദയാത്രയ്‌ക്കൊപ്പം നടന്ന രാഹുല്‍ ഗാന്ധി പിന്നീട് പോലീസ് വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്താണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെയും മറ്റുള്ളവരുടേയും നടപടി നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ധര്‍ നിരീക്ഷിച്ചു. നിയമലംഘനത്തിന് കൂട്ടുനിന്ന പോലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.

അതേസമയം, സംഭവം വിവാദമക്കേണ്ട കാര്യമില്ലെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement