ന്യൂദല്‍ഹി: അണ്ണാ ഹസാരെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി. സ്വാതന്ത്ര്യദിന പരിപാടികളില്‍ സംബന്ധിച്ച ശേഷമാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി, വാര്‍ത്താവിനിമയ മന്ത്രി അംബികാ സോണി, പാര്‍ട്ടി വക്താവ് ജനാര്‍ദ്ദനന്‍ ദ്വിവേദി എന്നിവര്‍ പങ്കെടുത്തു. ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല.

സോണിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്ന രാഹുല്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയിലെത്തിയത്. തിരിച്ചുവന്നശേഷം രാഹുല്‍ പങ്കെടുത്ത ആദ്യപരിപാടിയാണ് സ്വാതന്ത്ര്യദിനത്തിലേത്.