എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധി ‘വധുവിനെ ചുമന്ന് കൊണ്ട് പോകുന്ന കുതിര’: യശ്വന്ത് സിന്‍ഹ
എഡിറ്റര്‍
Monday 12th November 2012 10:23am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്തെത്തി.

വിവാഹത്തിന് വധുവിനെ ചുമന്ന് കൊണ്ട് പോകുന്ന കുതിരയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്നാണ് സിന്‍ഹയുടെ പരാമര്‍ശം. ബോകാറോയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് സിന്‍ഹ കടുത്ത ഭാഷയില്‍ രാഹുലിനെ വിമര്‍ശിച്ചത്.

Ads By Google

‘രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ഒരു കുതിരയാണ്. വെറും കുതിരയല്ല വിവാഹനാളില്‍ വധുവിനെയും ചുമന്ന് കൊണ്ടുപോകുന്ന കുതിര. കുതിരയെ ഒരു സ്ഥലത്ത് നിര്‍ത്തിയാല്‍ അവിടെ നില്‍ക്കും. അവിടെ നിന്നും എങ്ങോട്ടും നീങ്ങില്ല. അതേപോലെ തന്നെയാണ് രാഹുലും. അദ്ദേഹത്തെകൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍ കോണ്‍ഗ്രസിലെ പല നേതാക്കളും ശ്രമിക്കുന്നുണ്ട്.

എന്നാല്‍ രാഹുലിനെ കൊണ്ട് ഒന്നിനും വയ്യ. പലരും രാഹുല്‍ ഗാന്ധിയെ നിന്ന നില്‍പ്പില്‍ നിന്നും ഒന്ന് അനക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. പക്ഷേ ആ ശ്രമങ്ങളൊന്നും നടക്കുന്നില്ല. രാഹുല്‍ ഒന്നും ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്തുചെയ്യും, ഇതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ.’- യശ്വന്ത് സിന്‍ഹ പറഞ്ഞു.

എന്നാല്‍ യശ്വന്ത് സിന്‍ഹയുടെ ഈ പരാമര്‍ശത്തിനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.  ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അവരുടെ പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെയാണോ അല്ലയോ എന്ന് ആദ്യം യശ്വന്ത് സിന്‍ഹ ഉറപ്പ് വരുത്തണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പ്രതികരിച്ചു.

അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി സിന്‍ഹ കാണുന്നുണ്ടോയെന്നും അതിന് ശേഷം മതി മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

ആദ്യം സ്വന്തം പാര്‍ട്ടി നേരിടുന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടതെന്നും അത് മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കരിവാരിത്തേക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നിര്‍ണായക ശക്തിയായിരുന്നെന്നും അതിലൂടെ അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചതാണെന്നും കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിത് പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് രാഷ്ട്രീയത്തിലുള്ള പിടിപാടും ജനങ്ങളിലെ സ്വാധീനവും ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ട്. അദ്ദേഹം സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതിനെ ബി.ജെ.പി ഭയക്കുന്നു. അതാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

Advertisement