പനാജി: ഗോവ യൂനിവേഴ്‌സിറ്റി കാമ്പസില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയ യോഗം നടത്തിയതിനെതിരെ ഗോവ ഗവര്‍ണര്‍ രംഗത്ത്. വൈസ്ചാന്‍സലര്‍ ദിലീപ് ദിയോബാഗ്കറിനോട് വാഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്ഭവന്‍ വക്താവ് വ്യക്തമാക്കി.

കാമ്പില്‍ രാഹുല്‍ഗാന്ധിക്ക് മൂന്ന് രാഷ്ട്രീയ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതിന് താനാണ് ഉത്തരവാദിയെന്ന് യൂനിവേഴ്‌സിറ്റി രജിസ്റ്റാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണറുടെ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

രാഹുല്‍ കാമ്പസില്‍ നടത്തിയ യോഗങ്ങള്‍ ഗോവയില്‍ വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. യോഗത്തിന് അനുമതി നല്‍കിയ രജിസ്റ്റാര്‍ രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു.

കെ എസ് യുവിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ച് രാജ്യത്തുടനീളമുള്ള കാമ്പസുകളില്‍ സന്ദര്‍ശനം നടത്തുകയാണ് രാഹുല്‍ ഗാന്ധി. ഇതിനായി നേരത്തെ കേരളത്തിലെ കാമ്പസുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. പുറത്ത് നിന്നുള്ളവര്‍ക്ക് കാമ്പസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടകത്താന്‍ പാടില്ലെന്നാണ് നിയമം.