ന്യൂദല്‍ഹി: യുപിയിലെ ജനവിധി തനിക്കൊരു നല്ല പാഠമാണെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. യുപിയിലെ ചിത്രം വ്യക്തമായശേഷം നമ്പര്‍ 10 ജന്‍പഥില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘ ഞാനാണ് തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. അതിനാല്‍ ഞാനാണ് ഇതിന്റെ ഉത്തരവാദി. ഉത്തര്‍പ്രദേശിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും.’ രാഹുല്‍ഗാന്ധി പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നതായും സമാജ്‌വാദി പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്നും രാഹുല്‍ പറഞ്ഞു. യു.പിയില്‍ കോണ്‍ഗ്രസ് അടിസ്ഥാനപരമായി മോശമാണ്. ഈ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് യു.പയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും രാഹുല്‍ ഉറപ്പു നല്‍കി.

സംഘടനാപരമായ പോരായ്മകളും പരാജയത്തിന് കാരണമായതായി രാഹുല്‍ വ്യക്തമാക്കി. എങ്കിലും 2007ലേതിനെക്കാള്‍ പാര്‍ട്ടി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

യു.പിയില്‍ വന്‍വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയെ നയിച്ച അഖിലേഷ് യാദവിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

രാഹുലിന്റെ പ്രസ്താവനയ്ക്ക് തൊട്ട് മുന്‍പ് യു.പിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തുവന്നിരുന്നു.

Malayalam news

Kerala news in English