Categories

സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെയെങ്കിലും ഞങ്ങള്‍ കൊണ്ടുവന്നു; നിങ്ങള്‍ എന്താണ് ചെയ്തത്: കോണ്‍ഗ്രസിനെതിരെ അമിത് ഷാ

ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

സ്വന്തം മണ്ഡലത്തിലെ വികസനത്തെ കുറിച്ച് ചിന്തിക്കാതെ രാജ്യത്തെ വികസനത്തെ കുറിച്ച് വാചാലനാവുകയാണ് രാഹുലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചിരിക്കുന്നതു കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു. അമേഠിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.


Dont Miss അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ല; കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്


കോണ്‍ഗ്രസ് തുടങ്ങിവെച്ച പദ്ധതികള്‍ സ്വന്തം പദ്ധതികളാക്കി ബി.ജെ.പി മാറ്റുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

60 വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയുടെ നേതാവാണ് മൂന്ന് വര്‍ഷത്തെ മോദി ഭരണത്തിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അമേഠിയിലെ കളക്ടറുടെ ഓഫീസ് പോലും രാഹുല്‍ഗാന്ധി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല.

ഇവിടുത്തെ എം.പിയായി തിരഞ്ഞെടുത്തിട്ട് പോലും അദ്ദേഹത്തിന് അതിന് സാധിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ട് പോലും സ്മൃതി ഇറാനി ഇവിടെ എത്തുകയും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.

പദ്ധതി വാഗ്ദാനങ്ങളുമായല്ല 2019 ല്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തുക. പകരം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാണ് എത്തുക. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച് പറഞ്ഞ അമിത് ഷാ, ഒരുപക്ഷെ രാഹുല്‍ ഗാന്ധിക്ക് 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നും പരിഹസിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും അമിത് ഷാ വിമര്‍ശനമുയര്‍ത്തി. ‘ഞങ്ങള്‍ കുറച്ചു കാര്യങ്ങളെങ്കിലും ചെയ്തു. സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ സാധിച്ചു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പേരിലാണ് അമേഠി ലോകത്ത് തന്നെ അറിയപ്പെടുന്നത്. എന്നാല്‍ ഇവിടെ വികസനത്തിന്റെ തരിമ്പ് പോലും വന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. മൂന്നു പതിറ്റാണ്ടുകളായി ഗാന്ധി കുടുംബം ഇവിടെ ഒന്നും ചെയ്തിട്ടില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്കറിയാം അവിടുത്തെ വികസത്തെ കുറിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Tagged with: