എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു
എഡിറ്റര്‍
Saturday 17th November 2012 11:25am

ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ ഉത്തരവിട്ടു. അമേഠിയിലെ വരണാധികാരിയോടാണ് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

Ads By Google

ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം. 2009 ല്‍ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധി സ്വത്തുക്കളെക്കുറിച്ച് തെറ്റായ വിവരം നല്‍കിയെന്നാണ് സുബ്രഹ്മണ്യസ്വാമി അന്വേഷണ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്.

അസോസിയേറ്റഡ് ജേര്‍ണലില്‍ തനിക്കുള്ള ഓഹരി 2009ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ രാഹുല്‍ ഗാന്ധി മറച്ചുവെച്ചുവെന്നാണ് സ്വാമിയുടെ പ്രധാന ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കമ്മീഷന്‍ കത്തയയ്ക്കുകയും ചെയ്തു. ക്രിമിനല്‍ പീനല്‍ കോഡിലെ സെക്ഷന്‍ 195 പ്രകാരം സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം റിട്ടേണിംഗ് ഓഫീസര്‍ക്കാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അദ്ദേഹമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരമുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കേണ്ടത് റിട്ടേണിങ്‌ ഓഫീസറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പരിശോധനയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ റിട്ടേറിംഗ് ഓഫീസര്‍ക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ ശ്രീവാസ്തവ വ്യക്തമാക്കി.

Advertisement