ഗ്രെയിറ്റര്‍ നോയിഡ: ഗ്രെയിറ്റര്‍ നോയിഡയില്‍ ഭൂമി പ്രക്ഷോഭകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ബുധനാഴ്ച രാത്രി രണ്ടു മണിയോടെ ജാമ്യത്തില്‍ വിട്ടയച്ചു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന ഭൂമിസമരത്തിന്റെ ഭാഗമായിട്ടാണ് യു.പി. പോലീസ് രാഹുല്‍ ഗാന്ധിയെ കരുതല്‍ തടങ്കലില്‍ വെച്ചത്. രാഹുലിനെ കൂടാതെ റീത്താ ബഹുഗുണ ജോഷിയെയും കോണ്‍ഗ്രസ്സിന്റെ ഉത്തര്‍പ്രദേശ് ചുമതലയുള്ള ദിഗ് വിജയ്‌സിങ്, രാജ് ബബ്ബര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രയിറ്റര്‍ നോയിഡയിലെ ഗ്രാമപ്രദേശത്ത് വെച്ചാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

‘ ഇന്ത്യക്കാരനെന്നതില്‍ ലജ്ജിക്കുന്നു ‘
നോയ്ഡയിലെ കര്‍ഷകരദുരിതം കണ്ടപ്പോള്‍ ഇന്ത്യക്കാരനാണെന്ന് പറയുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നത് കഷ്ടമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

യമുന എക്‌സപ്രസ് വേ പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്കു കൂടുതല്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കര്‍ഷകരെ കാണാന്‍ ഇന്ന് രാവിലെയാണ് രാഹുല്‍ ഉത്തര്‍പ്രദേശിലെത്തിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഭട്ട പര്‍സോല്‍ ഗ്രാമത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ബൈക്കില്‍ എത്തിയ അദ്ദേഹം മണിക്കൂറികളോളം കര്‍ഷകര്‍ക്കൊപ്പം ധര്‍ണ്ണയില്‍ പങ്കെടുത്തു.

രാഹുല്‍ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നത് കൂടുതല്‍ ജനങ്ങള്‍ സമരങ്ങളിലേക്ക് കടന്നുവരുന്നതിന് കാരണമാകുന്നുണ്ട്. ഇത് തടയുക എന്നതാണ് അറസ്റ്റ് കൊണ്ട് യു.പി ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ 20 മണിക്കൂര്‍ ധര്‍ണ്ണക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്. ഐ.പി.സി 144, സി.ആര്‍.പി.സി 151 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിയെ യു.പി. പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുമെന്ന് ഉയര്‍ന്ന പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

രാഷ്ട്രീയലോക്ദള്‍ നേതാവ് അജിത് സിങ്, ജെ.ഡി(യു) നേതാവ് ശരത് യാദവ്, സമാജ് വാദി പാര്‍ട്ടിനേതാവ് ശിവ്പാല്‍ സിങ്, ബി.ജെ.പി. നേതാവ് കല്‍രാജ് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം പോലീസ് വഴിയില്‍ തടഞ്ഞിരുന്നു. അതിനിടെ ഗ്രേറ്റര്‍ നോയ്ഡയില്‍ സ്ഥിതിഗതികള്‍ ശാന്തമായി വരികയായിരുന്നുവെന്നും അത് വീണ്ടും ആളിക്കത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമമെന്നും യു.പി. സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. രാഹുല്‍ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി. യും കുറ്റപ്പെടുത്തി.