ന്യൂദല്‍ഹി: രാജ്യത്തെ ഹൈന്ദവഭീകരതയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പുതിയ വെളിപ്പെടുത്തലുമായി വിക്കിലീക്‌സ് രംഗത്തെത്തി. ഹൈന്ദവ ഭീകരവാദം ലഷ്‌കര്‍ ഇ തൊയിബയേക്കാള്‍ അപകടകരമാണെന്ന് യു എസ് നയതന്ത്ര പ്രതിനിധി തിമോത്തി ജെ റോമര്‍ക്ക് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയെന്ന രേഖയാണ് വിക്കിലീക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ഇസ്‌ലാമിക ഭീകരവാദസംഘടനയായ ലഷ്‌ക്കറിന് രാജ്യത്തെ മുസ്‌ലിം വിഭാഗത്തിലെ ചിലര്‍ സഹായം നല്‍കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഹൈന്ദവ ഭീകരവാദം ഇതിനേക്കാള്‍ ആശങ്ക സൃഷ്ടിക്കുന്നു. കാവി ഭികരത രാഷ്ട്രീയ-സാമുദായിക സംഘര്‍ഷത്തിന് കാരണമാകുന്നുണ്ടെന്നും രാഹുല്‍ അഭിപ്രായപ്പെട്ടതായാണ് വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നത്.

പാക്കിസ്താനില്‍ നിന്നുമുള്ള ഭീകരാക്രമണങ്ങളേയും ഇന്ത്യയിലെ മുസ്‌ലിം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തേയും ഇത്തരം ഹൈന്ദവ സംഘടനകള്‍ ആശങ്കയോടെയാണ് കാണുന്നതെന്നും രാഹുല്‍ പറഞ്ഞതായും രേഖകള്‍ വ്യക്തമാക്കുന്നു. ദല്‍ഹി സ്ഥാനപതി കാര്യാലയത്തില്‍ നിന്നും അയച്ച കേബിളുകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി വാഴ്ത്തപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ-സാമുദായിക സംവാദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

രാഹുല്‍ ഗാന്ധി പാക്കിസ്താന്‍കാരന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. ഹൈന്ദവ ഭീകരവാദം രാജ്യത്തിന് കനത്ത ഭീഷണിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു ബി ജെ പി .

രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. രാഹുലിന്റേയും ദിഗ്‌വിജയ് സിംഗിന്റേയും പ്രസ്താവനകള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ബി ജെ പി ആരോപിച്ചു.

നേരത്തേ മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ചില രേഖകളും വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. മുംബൈ ആക്രമണത്തിനുശേഷം സാമുദായിക പ്രീണനത്തിന് കോണ്‍ഗ്രസ് ശ്രമിച്ചുവെന്നായിരുന്നു വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തിയിരുന്നത്.