Categories

നക്‌സലിസം വളരുന്നത് കാരണം പ്രാദേശിക ഭരണകൂടങ്ങളുടെ വീഴ്ച

rahul-rd1തിരുവനന്തപുരം: ഒറീസ ഛത്തീസ്ഘഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നക്‌സല്‍ പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന് കാരണം പ്രാദേശിക ഭരണകൂടം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാത്തത് കൊണ്ടാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കേരളത്തിലെത്തിയ അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യ വ്യക്തമാക്കിയത്.

ദലിതരും അല്ലാത്തവരുമെന്നുള്ള വേര്‍തിരിവ് തനിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. ജാതി പരിഗണിച്ചല്ല താന്‍ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. താഴത്തട്ടിലുള്ളവരെ കാണുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളത്. അവസരങ്ങളുടെ കുറവാണ് സാമൂഹിക അസമത്വത്തിന് കാരണം. മരിക്കുന്നത് വരെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസിയാന്‍ കരാര്‍ കേരളത്തെ ദുരതത്തിലാക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. കരാറിലെ നെഗറ്റീവ് ലിസ്റ്റോ പ്രത്യേക ലിസ്റ്റോ കേരള താല്‍പര്യങ്ങള്‍ സംരക്ഷിക്കും. കേന്ദ്രം ഭരിക്കുന്നത് പാവങ്ങളുടെ സര്‍ക്കാറാണ്.

ആസിയാന്‍ വിഷയമുന്നയിച്ചുകൊണ്ടാണ് ഇടതുപക്ഷം ഉപ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ അവര്‍ക്ക് കര്‍ഷകരെ സ്വാധീനിക്കാന്‍ കഴിയില്ല. യൂത്ത് കോണ്‍ഗ്രസിനെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ഇതിനായി രാജ്യവ്യാപകമായി സന്ദര്‍ശനം നടത്തും. ഇതെക്കുറിച്ച് എതിര്‍പ്പുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് താന്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.