എഡിറ്റര്‍
എഡിറ്റര്‍
‘എവിടെ രണ്ട് കോടി തൊഴിലവസരം’; രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതോതിലെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Wednesday 16th August 2017 7:54pm

ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധി ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് വന്നതിനുശേഷം പറഞ്ഞത് മോദി പ്രസംഗിക്കുന്ന സമയം ചുരുക്കിയെന്നും, അദ്ദേഹത്തിനിപ്പോള്‍ സംസാരിക്കാനൊന്നുമില്ലെന്നുമാണെന്ന് രാഹുല്‍ പറഞ്ഞു.

‘ഗോരഖ്പൂര്‍ ആശുപത്രിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് മോദി ഒന്നും പറഞ്ഞില്ല. ആരോഗ്യസുരക്ഷയ്ക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിന് കാരണം.’

രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കിലേയ്ക്ക് രാജ്യം എത്തിയത് എന്താണ് പറയാത്തതെന്നും രാഹുല്‍ ചോദിച്ചു. സൗഹൃദ രാഷ്ട്രങ്ങളെ പിണക്കുന്ന നയമാണ് മോദിയുടെതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


Also Read: ‘അന്ന് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവര്‍ ഇന്ന് രാജ്യത്തിന്റെ അടിവേര് മാന്തുന്നു’; ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യാതിരുന്ന മണിക് സര്‍ക്കാരിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം


പാകിസ്ഥാന് റഷ്യ ആയുധങ്ങള്‍ കൈമാറിയതിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ പരാമര്‍ശം. ചൈനയും പാകിസ്ഥാനുമൊഴികെയുള്ള അയല്‍ രാജ്യങ്ങളുമായി ഇന്ത്യ സൗഹൃദത്തിലായിരുന്നെന്നും എന്നാലിപ്പോള്‍ മോദി എല്ലാവരെയും ശത്രുക്കളാക്കിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കാശ്മീരില്‍ പത്ത് വര്‍ഷം കൊണ്ട് യു.പി.എ സര്‍ക്കാര്‍ സമാധാനം സ്ഥാപിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ഒരുമാസം കൊണ്ട് കാശ്മീരിനെ സംഘര്‍ഷമേഖലയാക്കിയെന്നും രാഹുല്‍ ആരോപിച്ചു. സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടക കോണ്‍ഗ്രസ് ആരംഭിച്ച ‘ഇന്ദിരാ കാന്റീന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ രംഗത്തുവന്നത്.

Advertisement