എഡിറ്റര്‍
എഡിറ്റര്‍
ആളുകള്‍ പിരിഞ്ഞുപോയി, രാഹുല്‍ ഗാന്ധി പ്രസംഗം വെട്ടിച്ചുരുക്കി
എഡിറ്റര്‍
Monday 18th November 2013 11:36am

rahul

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ ജനപങ്കാളിത്തം കുറഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ രണ്ടാമനായ രാഹുല്‍ ഗാന്ധിയ്ക്ക് പ്രസംഗം വെട്ടിച്ചുരുക്കേണ്ടി വന്നു.

ശക്തിപ്രകടനമായി കണക്കാക്കുന്ന റാലിയില്‍ വെറും ഏഴ് മിനിറ്റ് മാത്രമാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ദല്‍ഹി ദക്ഷിണ്‍പുരിയില്‍ നടന്ന സമ്മേളനത്തിലേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനും സംഘാടകര്‍ക്കായില്ല. മൂന്ന് മണിക്കൂര്‍ വൈകിയാണ് രാഹുല്‍ ഗാന്ധി സമ്മേളനത്തിനെത്തിയത് എന്നതും ആളുകള്‍ പിരിഞ്ഞു പോകാനിടയാക്കി.

പാര്‍ട്ടി നടത്തിയ പത്രസമ്മേളനത്തിലെ കാര്യങ്ങള്‍ റാലിയില്‍ മുങ്ങിപ്പോകാതിരിക്കാനാണ് അദ്ദേഹം താമസിച്ചെത്തിയതെന്ന് വ്യക്തമായിരുന്നു.

ഷീല ദീക്ഷിത് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കൂടുതലായി പരാമര്‍ശിച്ചത്. പതിവ് പോലെ ബി.ജെ.പിയെ കടന്നാക്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ താല്‍പര്യം കാണിക്കാതിരുന്ന കാണികള്‍ മടങ്ങാന്‍ ആരംഭിച്ചു.

രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ ക്ഷമ കാണിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

ദക്ഷിണ്‍പുരിയില്‍ ഭൂരിഭാഗവും സാധാരണക്കാരും കുടിയേറിപ്പാര്‍ത്തവരുമാണ്.ഇവരുടെ പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിയ്ക്ക് ഈ സംഭവം വലിയ തിരിച്ചടിയായി.

ജനപങ്കാളിത്തം കുറയാനുണ്ടായ കാരണങ്ങളെ കുറിച്ച് സംഘാടകര്‍ അടുത്തുതന്നെ വിശദീകരണം നല്‍കേണ്ടി വരും.

സമ്മേളനത്തില്‍ പ്രസംഗിച്ച മറ്റു നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമാക്കിയപ്പോള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനമാണ് രാഹുല്‍ ഗാന്ധി ആയുധമാക്കിയത്.  ഭരണകാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലും സാധാരണക്കാരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു.

ദല്‍ഹിയെ കുടിയേറ്റക്കാരുടെ നഗരം എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

‘ദല്‍ഹി ഇന്ത്യയുടെ ഒരു ചെറുപതിപ്പ് തന്നെയാണ്. എല്ലാ ഭാഗത്ത് നിന്നുള്ള ജനങ്ങളും ഇവിടെയുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും ദല്‍ഹിയിലേയ്ക്ക് കുടിയേറിയയാളാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്.

ഇവിടെയെത്തുന്ന എല്ലാവരെയും ഈ നഗരം സ്വാഗതം ചെയ്യുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.’ കേള്‍വിക്കാരിലെ ഭൂരിഭാഗം വരുന്ന കുടിയേറ്റക്കാരെ സ്വാധീനിക്കാനായി രാഹുല്‍ ഗാന്ധി പറഞ്ഞു.

എതിര്‍പാര്‍ട്ടികളുടെയൊന്നും പേരെടുത്ത പറയാതെയായിരുന്നു പ്രസംഗം. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു വിരുദ്ധമായി ദല്‍ഹിയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് ഭരണത്തില്‍ എന്നതിനാല്‍ മുന്‍ സര്‍ക്കാരിനെയാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചതെന്ന് കരുതാം.

‘പൊതുജനങ്ങളെയും രാജ്യത്താകെയുള്ള സ്ത്രീകളെയും ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങല്‍ ചെയ്തിട്ടുണ്ട്. അഴിമതിയ്‌ക്കെതിരെ പോരാടാനുള്ള വിവരാവകാശ നിയമം രാജ്യത്തിന് നല്‍കിയത് ഞങ്ങളാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement