തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ വധഭീഷണി. രാഹുല്‍ ഈശ്വര്‍ മഅ്ദനിയെ സന്ദര്‍ശിച്ചതിലൂടെ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാഹുലിന് ഭീഷണി വന്നത്. ഹൈന്ദവസംഘടനകളുടെ പരിപാടിയില്‍ രാഹുല്‍ ഈശ്വര്‍ ഇനി പങ്കെടുത്താല്‍ കായികമായി നേരിടുമെന്നാണ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഹാദിയക്ക് പറയാനുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടത് സംഘ പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരുന്നു. വീഡിയോ ചിത്രീകരിച്ചതിന് രാഹുലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഹാദിയയുടെ അച്ഛന്റെ വക്കീലും പറഞ്ഞിരുന്നു.

രാഹുലിനെതിരെ വ്യാപക പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ രാഹുല്‍ തന്നെ ഫേസ്ബുക്കിലിട്ടിരുന്നു. രാഹുല്‍ ഈശ്വര്‍ ഐ.എസ്.ഐ.എസ് ചാരനാണെന്നും രാഹുല്‍ മുസ്‌ലിം മതത്തിലേക്ക് മതം മാറിയെന്നും പ്രചരണമുണ്ട്.