എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തിയത് നിയമലംഘനമെന്ന് പിതാവിന്റെ അഭിഭാഷകന്‍
എഡിറ്റര്‍
Friday 18th August 2017 6:19pm

തിരുവനന്തപുരം: വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തിയത് നിയമലംഘനമാണെന്ന് പിതാവ് അശോകന്റെ അഭിഭാഷകന്‍. കോടതി വിധിയെ ലംഘിച്ചതിന് രാഹുലിനെതിരെ എന്‍.ഐ.എയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും അഭിഭാഷകനായ സി രാജേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഹാദിയയുടെ പിതാവുമായി അടുത്ത  ബന്ധം സ്ഥാപിച്ച ശേഷം അവരുടെ വീട്ടില്‍ കടന്ന് വീഡിയോ എടുക്കുകയായിരുന്നുവെന്നും ഈ നടപടി കോടതി വിധികളുടെ ലംഘനമാണെന്നും അഭിഭാഷകന്‍ പറയുന്നു

ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അതിനാല്‍ ഈ സാഹചര്യത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നേരത്തെ, രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചശേഷം എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


Also Read:  മണിക്ക് സര്‍ക്കാരിന്റെ തലയെടുക്കുന്നവര്‍ക്ക് അഞ്ചര ലക്ഷത്തിന്റെ പാരിതോഷികവുമായി ഫെയ്‌സ്ബുക്കില്‍ വധഭീഷണി


കനത്ത പോലീസ് കാവലുള്ള ഇവിടെ സ്ന്ദര്‍ശകരെ അനുവദിക്കാറില്ലായിരുന്നു. കത്തുകള്‍ പോലും ഹാദിയയുടെ അച്ഛന്‍ തിരിച്ചയക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും ഇവിടെക്ക് കടത്തി വിടാറില്ലായിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.

വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ കൂടെ സെല്‍ഫിയെടുക്കുകയും വീട്ടുകാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടക്ക് താന്‍ ഇസ്ലാം മതത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും. തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്നും ഹാദിയ ചോദിക്കുന്നു. വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ടെന്നും വീഡിയോയില്‍ ഹാദിയ പറയുന്നുണ്ട്. രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.

വൈക്കം ഡി.വൈ.എസ്.പിക്കാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതല. ഇദ്ദേഹം ഏര്‍പ്പെടുത്തുന്ന ഓരോ സബ് ഡിവിഷനിലെ എസ്.ഐയുടെ കീഴിലുള്ള 27 പൊലീസുകാര്‍ക്കാണ് ഹാദിയയുടെ വീടിന്റെ സുരക്ഷാ ചുമതല.

Advertisement