എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ദ്രാവിഡ് വിരമിച്ചു
എഡിറ്റര്‍
Friday 9th March 2012 1:06pm

ന്യൂദല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ബാംഗ്ലൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അനില്‍ കുംബ്ലെ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ദ്രാവിഡ് പറഞ്ഞു.

”പുതിയതാരങ്ങള്‍ ക്രിക്കറ്റിലേക്ക് വരേണ്ട സമയമായി. അതിനായി എന്നെപ്പോലുള്ളവര്‍ മാറിക്കൊടുക്കേണ്ടത് അനിവാര്യമാണെന്നു തോന്നി. ഇന്ത്യന്‍ ക്രിക്കറ്റിലെ എന്റെ ജീവിതം ഒട്ടേറെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോയത്. എനിയ്ക്ക് വേണ്ടി പ്രാര്‍്ത്ഥിച്ചവര്‍ക്കും എന്നില്‍ വിശ്വാസമര്‍പ്പിച്ചവരോടും നന്ദി പറയുന്നു. ടീമിലെ താരങ്ങളെല്ലാം കഴിവുള്ളവരാണ്. ഇന്ത്യന്‍ ടീമിന് ഇനിയും മികച്ച വിജയങ്ങള്‍ നേടാന്‍ സാധിക്കും”.-ദ്രാവിഡ് വ്യക്തമാക്കി.

കഴിഞ്ഞ വിദേശപര്യടനത്തില്‍ ഓസ്‌ട്രേലിയയില്‍ ടീമിനോട് 04ന് പരാജയപ്പെട്ടു മടങ്ങിയ ഇന്ത്യന്‍ ടീമിനു വേണ്ടി 194 റണ്‍സാണ് രാഹുല്‍ നേടിയിരുന്നത്.
മികച്ചരീതിയില്‍ പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 24.25 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി റേറ്റ്. ഓസ്‌ട്രേലിയയോട് തോറ്റതില്‍ താനും ടീമും ഒരുപോലെ അസ്വസ്ഥരാണെന്ന് കഴിഞ്ഞദിവസം ദ്രാവിഡ് പറഞ്ഞിരുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കറിനു ശേഷം ഇന്ത്യ ടീമിലെ കരുത്താനായ താരമായ ദ്രാവിഡ് പടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇനിയുള്ള മത്സരങ്ങള്‍ എങ്ങനെയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ടീമിലെ വന്‍മതിലായിരുന്ന ദ്രാവിഡിന്റെ അഭാവം ടീമിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. നിര്‍ണായക ഘട്ടത്തില്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുന്നതില്‍ ദ്രാവിഡിന്റെ കഴിവ് എതിരാളികള്‍ പോലും അംഗീകരിച്ചതാണ്.

അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെയുള്ള ദ്രാവിഡിന്റെ ശൈലി ഏറെ വ്യത്യസ്തമാണ്. 36 സെഞ്ചുറികളും 63 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 13288 റണ്‍സ് ആണ് രാഹുലിന്റെ കരിയറിലള്ളത്. ക്രിക്കറ്റിലെ സാങ്കേതികത്തികവുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് ദ്രാവിഡ് അറിയപ്പെടുന്നത്

ഇരുപത്തിയഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച രാഹുലിന് അതില്‍ എട്ടെണ്ണത്തില്‍ വിജയിക്കുന്നതിന് സാധിച്ചിരുന്നു. ആറു ടെസ്റ്റുകള്‍ പരാജയപ്പെട്ടപ്പോള്‍ മറ്റുള്ളവ സമനിലയില്‍ പിരിഞ്ഞു. 200304ല്‍ പാകിസ്താനെതിരെ നേടിയ തകര്‍പ്പന്‍ വിജയവും 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും 2007ല്‍ ഇംഗ്ലണ്ടിനെതിരെയും രാഹുല്‍ തകര്‍പ്പന്‍ വിജയങ്ങളായിരുന്നു നേടിയത്.

റണ്‍വേട്ടയില്‍ ഏറ്റവും മുന്നിലുള്ള സച്ചിനു(15,470) തൊട്ടുതാഴെയാണു ദ്രാവിഡിന്റെ സ്ഥാനം. 164 ടെസ്റ്റുകള്‍ കളിച്ച ദ്രാവിഡ് 36 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 210 ക്യാച്ചുകളും ഇദ്ദേഹത്തിന്റെ നേട്ടമാണ്. 270 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1996ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ദ്രാവിഡിന്റെ അരങ്ങേറ്റം. 2005 ഡിസംബര്‍ മുതല്‍ 2007 ഓഗസ്റ്റ് വരെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

Malayalam news

Kerala news in English

Advertisement